സംഘർഷ ഭൂമിയായി മണിപ്പൂർ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാൽ താഴ്വരയിൽ കർഫ്യൂ
ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം നിരവധി എംഎൽഎമാരുടെ വസതികളിലേക്ക് ഇരച്ചുകയറി.
ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ജിരിബാമിൽ കണ്ടെത്തിയിരുന്നു. മണിപ്പൂർ-അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന വിദൂര ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം നിരവധി എംഎൽഎമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.