'നഴ്സ് തീപ്പെട്ടി ഉരച്ചു…പിഞ്ചുകുഞ്ഞുങ്ങളുണ്ടായിരുന്ന വാർഡ് കത്തിച്ചാമ്പലായി'; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ
മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
ലഖ്നൗ: ഉത്തർ പ്രദേശ് ഝാൻസിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. 10 കുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ട സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നും നഴ്സിന്റെ അശ്രദ്ധയാണെന്നുമാണ് ദൃക്സാക്ഷിയായ ഭഗ്വാൻ ദാസ് എന്നയാളുടെ ആരോപണം.
ഓക്‌സിജൻ സിലിണ്ടറിൻ്റെ പൈപ്പ് ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു നഴ്‌സ് തീപ്പെട്ടി ഉരച്ചുവെന്ന് ഭഗ്വാൻ ദാസ് അവകാശപ്പെട്ടു. ഇതാണ് മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നാണ് ഭഗ്വാൻ ദാസ് പറയുന്നത്. ഓക്സിജൻ നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമായതിനാൽ തീപ്പെട്ടി ഉരച്ചതിന് പിന്നാലെ വാർഡ് മുഴുവൻ തീ ആളിപ്പടർന്നെന്നും ഈ സമയം കഴുത്തിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് 3-4 കുഞ്ഞുങ്ങളെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നും ഭഗ്വാൻ ദാസ് കൂട്ടിച്ചേർത്തു. അപകടമുണ്ടാകുമ്പോൾ ഭഗ്വാൻ ദാസിന്റെ കുഞ്ഞും ഇതേ വാർഡിലുണ്ടായിരുന്നു എന്നാണ് വിവരം.
തീപ്പിടുത്തമുണ്ടായപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെന്നും ആരോപണമുണ്ട്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഓക്‌സിജൻ കോൺസെൻട്രേറ്ററിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞിരുന്നു. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കും. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരിച്ച കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. സംഭവത്തെ ഹൃദയഭേദകമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അധികമായി നൽകുമെന്ന് അറിയിച്ചിരുന്നു.