പ്രതിഷേധത്തിന് മമത ബാനർജിയും,സർക്കാർ ധനസഹായം നിരസിച്ച് ഡോക്ടറുടെ പിതാവ്; ആശുപത്രി അക്രമത്തിൽ 19 പേർ അറസ്റ്റിൽ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്ന ് കേരള ഘടകം
ദില്ലി: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.
ബിജെപി ഇന്ന് മമത ബാനർജിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. കൊല്‍ക്കത്തയിൽ സിപിഎം ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് തുടരുകയാണ്. കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കനത്ത പൊലീസ് വിന്യാസം തുടരുകയാണ്. ആര്‍ജി കര്‍ ആശുപത്രിയിലെ അക്രമണവുമായി ബന്ധപ്പെട്ട് 19 പേര്‍ അറസ്റ്റിലായെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. അഞ്ചു പേരെ തിരിച്ചറിഞ്ഞത് അക്രമത്തിന്‍റെ ദൃശ്യങ്ങളിലൂടെയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായുള്ള പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിലെ ആർജി കർമെഡിക്കൽ കോളേജിലെ വനിത ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി പ്രതിക്ഷേധിച്ചു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിൽ കേരള ഘടകവും ശക്തമായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രി അക്രമനത്തിന് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക, കേസിലെ പ്രതികളെ നിയത്തിന്റെ മുന്നിൽ കൊണ്ട് വരുക തുടങ്ങിയവ ആണ് ആവശ്യം. സമരത്തിൽ ഐ എം എ യോടൊപ്പം കേരളത്തിലെ വിവിധ ഡോക്ടർമാരുടെ സംഘടനയും പിൻതുണ പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചുകൊണ്ട് സമരം തുടരുകയാണ്.
ഇതിനിടെ, സംഭവത്തിന്‍റെ പശ്ചാത്തലത്തിഷ മമത ബാനർജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളിൽ വിവിധ ഇടങ്ങളിൽ മൂന്ന് പെൺകുട്ടികൾ കൂടി കൊല്ലെപ്പെട്ടുവെന്ന് അമിത് മാളവ്യ ആരോപിച്ചു. ബംഗാൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാതായെന്നും കൊൽക്കത്ത പൊലീസ് ട്വീറ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണി കത്ത് അയക്കുന്നു എന്ന് അമിത് മാളവ്യ ആരോപിച്ചു. അക്രമ ദൃശ്യങ്ങളും വിവരങ്ങളും പങ്കുവച്ച ട്വീറ്റുകൾ ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ പൊലീസ് കത്തയച്ചത്. പൊലീസ് അന്വേഷണത്തിൽ ശ്രദ്ധിക്കുന്നത്തിന് പകരം വ്യക്തികളെ ഭീഷണിപ്പെടുത്തുന്നു എന്ന് ബിജെപി ആരോപിച്ചു. വ്യാജ വാർത്തകൾക്ക് എതിരായ നടപടി എന്നാണ് കൊൽക്കത്ത പോലീസ് അറിയിക്കുന്നത്.