ബന്ദിനെ പിന്തുണച്ച് സാൻഡൽവുഡ്; നടന്മാരായ ശിവരാജ്കുമാറും ധ്രുവ സർജയും പ്രതിഷേധ റാലിക്ക്, തിയറ്ററുകൾ അടച്ചിടും
കര്‍ണാടക ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, നീലഗിരി ജില്ലകളിലാണ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് തമിഴ്നാട് ഡിജിപി ശങ്കര്‍ ജിവാല്‍ പറഞ്ഞു
ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീ ജലം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ നാളെ കന്നട അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിന് പിന്തുണയുമായി സാന്‍ഡല്‍വുഡ് (കന്നട സിനിമ മേഖല). കന്നട സൂപ്പര്‍താരങ്ങളായ ശിവരാജ് കുമാര്‍, ധ്രുവ സര്‍ജ, പ്രജ്വല്‍ ദേവരാജ്, അജയ് റാവു തുടങ്ങിയ നടന്മാര് ഉള്‍പ്പെടെ ബന്ദിന് പിന്തുണയുമായി ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കും. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്‍.എം സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
നാളെ രാവിലെ പത്തിന് ബെംഗളൂരുവില്‍ കന്നട സിനിമ മേഖലയിലുള്ളവര്‍ ഒന്നിച്ചു കൂടി യോഗം ചേരുമെന്നും ആളുകളുടെ പങ്കാളിത്തം അനുസരിച്ച് തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എന്‍.എം സുരേഷ് പറഞ്ഞു. ഫിലം ചേംബര്‍ ഓഫീസിന് മുന്നില്‍ കൂടിചേര്ന്നശേഷം ടെംപോ വാഹനങ്ങളിലായി ടൗണ്‍ ഹാളിലേക്കോ ഫ്രീഡം പാര്‍ക്കിലേക്കോ ആയിരിക്കും റാലിയായി പോവുക. സമാധാനപരമായി റാലി നടത്തുന്നതിന് ബെംഗളൂരു പൊലീസില്‍നിന്ന് അനുമതി ലഭിച്ചതായും സുരേഷ് പറഞ്ഞു. ബന്ദിനെ തുടര്‍ന്ന് വെള്ളിയാഴ്ച കര്‍ണാടകയില്‍ സിനിമയുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനവും ഉണ്ടാകില്ല. സൂപ്പര്‍താരങ്ങളായ യഷുമായും രവിചന്ദ്രയുമായും സംസാരിച്ചെങ്കിലും ഇരുവരും വിദേശത്തായതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. 70ഓളം നടി നടന്മാര് റാലിയില്‍ പങ്കെടുക്കും. സിനിമ മേഖലയിലുള്ളവര്‍ സ്വമേധയാ പിന്തുണ അറിയിക്കുകയായിരുന്നുവെന്നും സുരേഷ് കൂട്ടിചേര്‍ത്തു.
അതേസമയം,ബന്ദിന് കര്‍ണാടക ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. ബന്ദ് സമയത്ത് തിയറ്ററുകള്‍ അടച്ചിടും. വൈകിട്ട് ആറിനു ബന്ദ് പൂര്‍ത്തിയായശേഷമുള്ള ഷോകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസ്താവനയില്‍ അറിയിച്ചു. ഓട്ടോ, ടാക്സി ഡ്രൈവര്‍മാരും ഒല, ഉബര്‍ വെബ് ടാക്സികളും ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്. അതേസമയം, ബസ് സര്‍വീസ് പതിവുപോലെ ഉണ്ടാകുമെന്ന് കര്‍ണാടക ആര്.ടി.സി അധികൃതര്‍ അറിയിച്ചു. കര്‍ണാടക ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, നീലഗിരി ജില്ലകളിലാണ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് തമിഴ്നാട് ഡിജിപി ശങ്കര്‍ ജിവാല്‍ പറഞ്ഞു.
കാവേരി നദീജല തര്‍ക്കം; നാളെ കര്‍ണാടകയില്‍ ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ, അതീവ ജാഗ്രത