ഒന്നും രണ്ടുമല്ല ദേശീയോദ്യാനത്തിൽ നിന്ന് കാണാതായത് 25 കടുവകൾ, അന്വേഷണം
അടുത്തിടെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കടുവകളേ ഒഴിച്ച് രണ്ട് വർഷത്തിനുള്ളിൽ ദേശീയോദ്യാനത്തിലെ ക്യാമറ ട്രാപ്പുകളിലൊന്നിന് മുന്നിൽ പോലും എത്താതെ 25 കടുവകൾ.
രൺഥംഭോർ: രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ നിന്ന് കാണാതായത് 20ലേറെ കടുവകൾ. പിന്നാലെ മൂന്നംഗ കമ്മിറ്റിക്ക് അന്വേഷണ ചുമതല നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ. നവംബർ നാലിനാണ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും ചേർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദീർഘകാലമായി കടുവകളെ നിരീക്ഷിച്ചതിന് പിന്നാലെയാണ് കടുവകൾ കാണാതായെന്ന് വ്യക്തമായതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
75 കടുവകളാണ് രൺഥംഭോർ ദേശീയോദ്യാനത്തിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ. ഇതിൽ അടുത്തിടെ രണ്ട് കടുവകൾ ചത്തിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി 11 കടുവകളുടെ യാതൊരു വിവരവും ലഭ്യമല്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദമാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 14 കടുവകളുടെ സൂചനകൾ പോലുമില്ലാതായെന്നും അന്വേഷണത്തിനുള്ള ഉത്തരവ് വ്യക്തമാക്കി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുന്നതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ വിശദമാക്കുന്നു.
സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് റിപ്പോർട്ട് നൽകേണ്ടത്. എപിസിസിഎഫ് രാജേഷ് കുമാർ ഗുപ്ത, വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ടി മോഹൻ രാജ്, മാനസ് സിംഗ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ കമ്മിറ്റി. രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കടുവകളെ കണ്ടെത്താനായി സ്വീകരിച്ച നടപടികൾ വിലയിരുത്താനും നിരീക്ഷണത്തിലുള്ള കടുവകളുടെ വിവരങ്ങൾ വിലയിരുത്താനും വീഴ്ചകൾ ഒഴിവാക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ നൽകാനുമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
2024 ഏപ്രിലിലെ കടുവകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് തൃപ്തികരമായിരുന്നില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദമാക്കുന്നു. വിവരം ലഭ്യമല്ല എന്നതിനാൽ കടുവകൾ കൊല്ലപ്പെട്ടതായോ വേട്ടയാടപ്പെട്ടതായോ അർത്ഥമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദമാക്കി. ദേശീയോധ്യാനത്തിന്റെ വിവിധ മേഖലകളിലുള്ള ക്യാമറകളിൽ ഇവയെ കാണാത്തതിലെ അസ്വഭാവികത നീക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം