അമ്മ ബാത്ത്റൂമിൽ പോയി വന്നപ്പോൾ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാനില്ല; അന്വേഷണത്തിനൊടുവിൽ വാട്ടർ ടാങ്കിൽ മൃതദേഹം

നാട്ടുകാർ പറഞ്ഞതനുസരിച്ച് വീടിന്റെ രണ്ടാം നിലയുടെ മുകളിൽ കയറി വാട്ടർ ടാങ്ക് പരിശോധിച്ച കുഞ്ഞിന്റെ അച്ഛനാണ് അവിടെ ചലനമറ്റ നിലയിൽ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്.

one month old baby sleeping in cradle found missing when mother went to washroom and returned

ബംഗളുരു: വീടിനുള്ളിൽ തൊട്ടിലിൽ കിടക്കുകയായിരുന്ന നവജാത ശിശുവിനെ വീടിന് മുകളിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ചന്ദപുരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു മാസം മാത്രം പ്രായമുള്ള കു‌ഞ്ഞാണ് മരിച്ചത്. ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള സംശയങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഡ്രൈവറായി ജോലി ചെയ്യുന്ന മനുവിന്റെയും (25) കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ അ‍ർചിതയുടെയും (20) മകളാണ് മരിച്ചത്. വ്യത്യസ്ത ജാതികളിൽ പെടുന്ന ഇവർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇരുവരുടെയും വീടുകൾ തമ്മിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ദൂരം. കൊലപാതകത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ദുരഭിമാന കൊലയാണെന്നാണ് സംശയിക്കുന്നതെന്നും കുടുംബത്തിൽ നിന്നു തന്നെയുള്ള ആരെങ്കിലുമാവാം പിന്നിലെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.

കു‌ഞ്ഞിനെ മുറിയ്ക്കകത്ത് തൊട്ടിലിൽ കിടത്തിയ ശേഷം ശുചിമുറിയിലേക്ക് പോയ അർച്ചിത 12.20ന് മടങ്ങിവന്ന് നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. ഞെട്ടിപ്പോയ അവർ വീട്ടിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. അർച്ചിതയുടെ മുത്തശ്ശി രുക്മിണിയമ്മ ഉടൻ തന്നെ അർച്ചിതയുടെ അച്ഛനെ വിവരമറിയിച്ചു. ജോലി സ്ഥലത്തായിരുന്ന അദ്ദേഹം ഉടൻ തന്നെ സൂര്യനഗർ സ്റ്റേഷനിൽ പരാതി നൽകി. കുഞ്ഞിനായി അന്വേഷണം ആരംഭിക്കുകയും സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ആരും അതിക്രമിച്ച് കയറുന്നതായി ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. 

ഇതിനിടെ കുഞ്ഞിന്റെ അച്ഛൻ മനു, നാട്ടുകാർ പറ‌ഞ്ഞതനുസരിച്ച് തന്റെ മാതാപിതാക്കൾ താമസിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ മുകളിലുള്ള  വാട്ടർ ടാങ്ക് പരിശോധിക്കാനായി അവിടേക്ക് കയറിപ്പോയി. പിന്നീട് മനുവിന്റെ നിലവിളി കേട്ടാണ് എല്ലാവരും അവിടേക്ക് ഓടിച്ചെന്നത്. നോക്കുമ്പോൾ മനു നിലത്ത് കിടക്കുകയായിരുന്നു. ജീവനറ്റ കുഞ്ഞിന്റെ ശരീരം മനുവിന്റെ കൈയിലുണ്ടായിരുന്നു. വാട്ടർ ടാങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു എന്ന് മനു പറഞ്ഞു. ഒരു നവജാത ശിശുവിനെ കൊല്ലുന്നത്ര ക്രൂരമായി ആളുകൾക്ക് എങ്ങനെയാണ് പെരുമാറാൻ കഴിയുന്നതെന്ന് അർച്ചിതയുടെ അച്ഛൻ മുരളി അലമുറയിട്ട് ചോദിക്കുന്നുണ്ടായിരുന്നു.

ഗർഭ കാലത്താണ് അർച്ചിത തന്റെ വീട്ടിലേക്ക് വന്നത്. ഏഴാം മാസം സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിന് ശ്വസന സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. തുടർന്ന് അർചിതയുടെ മാതാപിതാക്കളാണ് കുഞ്ഞിനെയും അമ്മയെയും പരിചരിച്ചിരുന്നത്. സമീപത്തെ കെട്ടിടത്തിലൂടെയാവാം കൊലയാളി വീട്ടിൽ കടന്നതെന്നാണ് അനുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios