'സോറി, സുരക്ഷിതത്വം തോന്നാത്തതിനാൽ വിശദാംശങ്ങൾ നൽകാനില്ല'; കാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിനോട് യുവാവ്
ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടു
ബെംഗളൂരു: തിരക്കേറിയ റോഡിന് നടുവിൽ ഒരു സംഘം തന്‍റെ കാർ ആക്രമിക്കുന്ന ദൃശ്യം പങ്കുവെച്ച് യുവാവ്. അക്രമികൾ കാറിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവാവ് പറഞ്ഞു. ബെംഗളൂരുവിലെ കുഡ്‌ലുവിലെ റോഡിൽ വൈകീട്ട് ഏഴ് മണിക്കാണ് സംഭവമെന്ന് ദേവൻ മേത്ത പറഞ്ഞു. സമൂഹ മാധ്യമത്തിൽ ദൃശ്യം സഹിതമാണ് യുവാവിന്‍റെ പോസ്റ്റ്.
"അവരുടെ ബൈക്ക് പിന്നിൽ നിന്ന് എന്‍റെ കാറിൽ തട്ടി. ഞാൻ കാറിന്‍റെ കണ്ണാടിയിലൂടെ നോക്കി കേടുപാടൊന്നുമില്ല, നിങ്ങൾ പോവൂ എന്ന് അവരോട് പറഞ്ഞു. അവർ കന്നഡയിൽ ആക്രോശിച്ചു"- ദേവൻ മേത്ത കുറിച്ചു.
പോസ്റ്റിന് മറുപടിയായി വിശദാംശങ്ങൾ നൽകാൻ ബെംഗളൂരു പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ വിവരം നൽകില്ലെന്നാണ് യുവാവിന്‍റെ മറുപടി- "ക്ഷമിക്കണം, എനിക്ക് സുരക്ഷിതത്വമില്ലെന്ന് തോന്നുന്നതിനാൽ വിശദാംശങ്ങളൊന്നും നൽകാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങൾ ജാഗ്രത പുലർത്തുന്നതിനാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്"
ബെംഗളൂരുവിലെ റോഡിൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ കൂടുകയാണെന്ന് പോസ്റ്റിന് താഴെ നിരവധി കമന്‍റുകൾ കാണാം. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണമുണ്ടായി. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു.
കസവനഹള്ളിയിൽ അമൃത കോളേജിന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കാർ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കല്ലു കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി. എന്നാൽ ഇവരുടെ ഉദ്ദേശം കവർച്ചയായിരുന്നെന്ന് അനൂപ് പറയുന്നു. ബെംഗളൂരുവിൽ രാത്രികാലങ്ങളിൽ കുടുംബമായി കാറിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞ് നിർത്തി ആക്രമിക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്. മനഃപൂർവം അപകടം സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. ഇതിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം മലയാളി സംഘടനകളും ശക്തമായി ഉയർത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം