ചോദ്യമുനയിൽ സിദ്ധരാമയ്യ നിന്നത് രണ്ട് മണിക്കൂറുകൾ, മുഖ്യമന്ത്രിയെന്ന പരിഗണന വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു
നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നൽകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൈസൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ബുധനാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂർ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിൻ്റെ ഓഫീസിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 10.10ഓടെ എത്തിയ മുഖ്യമന്ത്രിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് പുറത്തുവിട്ടു. പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരു നഗരത്തിലെ സർക്കാർ അതിഥി മന്ദിരത്തിലെത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നൽകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. ഭൂമി അനുവദിക്കൽ, പരിവർത്തനം, ഒടുവിൽ അനുവദിച്ച സൈറ്റുകൾ തിരികെ നൽകൽ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മുഡയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കർണാടകയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കെ ലോകായുക്ത അന്വേഷണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടുന്നത്. ബെംഗളൂരുവിൽ നിന്ന് മൈസൂരിലെത്തിയ സിദ്ധരാമയ്യയെ സർക്കാർ അതിഥി മന്ദിരത്തിൽ സാമൂഹികക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Read More... വെല്ലുവിളിച്ച് സിപിഎം; പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു,ട്രോളി ബാഗുമായി കെഎസ്‍യു നേതാവ്
അതേസമയം, മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നവംബർ 26ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയാണ് രണ്ടാം പ്രതി. ഭർതൃസഹോദരൻ മല്ലികാർജുനസ്വാമി, മൂന്നാം പ്രതി, ഭൂവുടമ നാലാം പ്രതി ജെ.ദേവരാജു എന്നിവരെ ലോകായുക്ത നേരത്തെ ചോദ്യം ചെയ്തിരുന്നു.