'വിവാഹിതനാണെന്ന് മറച്ചുവെച്ചു, ഭാര്യയെ കണ്ടത് ഷോക്കായി, ആക്രമണത്തിൽ എല്ലുകൾ പൊട്ടി': ഉന്നതന്‍റെ മകനെതിരെ പ്രിയ

സംഭവം വിവാദമായതോടെ പ്രിയയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. 

i dont know he was married priya singh who allegedly run over by bureaucrats son reveals sit to investigate SSM

മുംബൈ: ഉന്നത ഉദ്യോഗസ്ഥന്‍റെ മകന്‍ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രിയ സിംഗ് രംഗത്ത്. മഹാരാഷ്ട്ര റോഡ് ഡവലപ്മെന്‍റ് കോർപറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്‍റെ മകന്‍ അശ്വജിത്തിനെതിരെയാണ് പ്രിയ രംഗത്തെത്തിയത്. അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് പ്രിയ പറഞ്ഞു.

പിന്നീട് അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താനിക്കാര്യം നേരിട്ട് ചോദിച്ചെന്നും പ്രിയ പറഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേച്ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പ്രിയ പറഞ്ഞു. 

അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 11ന് താന്‍ അയാളെ കാണാന്‍ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. ഇയാളാണ് തന്നെ അപമാനിക്കാൻ തുടങ്ങിയത്. ഇടപെടാൻ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാൻ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാൻ വരെ ശ്രമിച്ചു. തന്റെ കൈയിൽ കടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാൻ താന്‍ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാൻ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.

തന്റെ കാലിലൂടെ കാർ കയറ്റിയ ശേഷം അവർ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയ പറയുന്നത്. സംഭവത്തിന് ശേഷം താനെയിലെ കാസർവാഡാവലി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയെങ്കിലും ഉന്നത സമ്മർദത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് പ്രിയയുടെ ആരോപണം. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയായതോടെ ഇതേ പൊലീസ് സ്റ്റേഷനിൽ അശ്വജിത് ഗെയ്‌ക്‌വാദിനും ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രിയയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios