ആശുപത്രിയിലേക്കുള്ള വഴിയിൽ നേപ്പാൾ സ്വദേശിനി ആംബുലൻസിനകത്ത് പ്രസവിച്ചു; ആൺ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാൾ സ്വദേശിനി കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
തൃശ്ശൂർ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാൾ സ്വദേശിനി കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. നേപ്പാൾ സ്വദേശിനിയും നിലവിൽ തൃശ്ശൂർ കൊരട്ടിയിൽ താമസവുമായ 19കാരിയാണു ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഒപ്പമുള്ളവർ ചാലക്കുടി താലൂക്ക് ആശുപത്രി എത്തിച്ചു.
ആരോഗ്യനില വഷളായതിന് തുടർന്ന് യുവതിയെ ഡോക്ടർ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയും ആയിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ജിനു സഹജൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് ജോസഫ് എന്നിവർ ആശുപത്രിയിലെത്തി യുവതിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു.
യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് ജോസഫ് ആംബുലൻസ് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. തൃശ്ശൂർ ജില്ലാ ആശുപത്രി എത്തുന്നതിന് മുൻപ് തിങ്കളാഴ്ച പുലർച്ചെ 12.25ന് ജോബിഷ് ജോസഫിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ജോബിഷ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകുകയും ഉടൻ ആംബുലൻസ് പൈലറ്റ് ജിനു ഇരുവരെയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.