പൊലീസുകാരിയെ വണ്ടിയിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി; സഹോദരന്‍ കസ്റ്റഡിയില്‍; ദുരഭിമാനക്കൊല തെലങ്കാനയില്‍

 ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താൽ പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി

honor killing telengana police constable killed by her brother

ബെം​ഗളൂരു: തെലങ്കാനയിൽ ഇതരസമുദായത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് വനിതാ കോൺസ്റ്റബിളിനെ സഹോദരൻ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് മരിച്ചത്. സഹോദരനായ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

15 ദിവസം മുൻപായിരുന്നു ഇബ്രാഹിംപട്ടണം സ്വദേശിയായ നാഗമണിയും റായപോലു സ്വദേശിയായ ശ്രീകാന്തും വിവാഹിതരായത്. നാല് വർഷത്തെ പ്രണയം. വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറിടകന്നായിരുന്നു നവംബർ 21-ന് യാദ്‍ഗിരിഗുട്ടയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം കഴിച്ചത്. ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണി വിവാഹശേഷം ശ്രീകാന്തിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി.

അച്ഛനും അമ്മയും മരിച്ചതിനാൽ നാഗമണിക്ക് ഉറ്റവരായി സഹോദരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളിൽ പലരും ദമ്പതികളെ വിളിച്ച് വിവാഹശേഷവും ഭീഷണി തുടർന്നു. സഹോദരൻ പരമേശ് പല തവണ നാഗമണിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ പൊലീസ് സഹോദരനുൾപ്പടെയുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി ഭീഷണി നിർത്തണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ ഇതിന് പിറ്റേന്ന് സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യം സംസാരിക്കാൻ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ചില ബന്ധുക്കൾ നാഗമണിയെ വിളിച്ചു. ഇതനുസരിച്ച് ഹൈദരാബാദിന്‍റെ സമീപജില്ലയായ രംഗറെഡ്ഡിയിലെ ഇബ്രാഹിംപട്ടണത്തുള്ള വീട്ടിലേക്ക് ഇന്നലെ നാഗമണിയും ശ്രീകാന്തുമെത്തി.  രാത്രി അവിടെ കഴിഞ്ഞ് ഇന്ന് രാവിലെ നാഗമണി ഡ്യൂട്ടിക്കും ശ്രീകാന്ത് ജോലിക്കുമായി മടങ്ങി. വഴിയിൽ വച്ചാണ് സഹോദരൻ പരമേശ് കാറുമായി വന്ന് നാഗമണി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിടുന്നത്.

നിലത്ത് വീണ് കിടന്ന നാഗമണി ഭർത്താവിനെ വിളിച്ച് സഹോദരൻ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. കാറിൽ കരുതിയിരുന്ന മഴു ഉപയോഗിച്ച് പരമേശ് നാഗമണിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നെ‌ഞ്ചിനും മാരകമായി മുറിവേറ്റ നാഗമണി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരമേശിനെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വത്ത് ഭാഗം വയ്‍ക്കേണ്ടി വരുമെന്നതിനാലും ഇതരസമുദായക്കാരനെ വിവാഹം ചെയ്തതിനാലുമാണ് നാഗമണിയെ കൊലപ്പെടുത്തിയതെന്ന് പരമേശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് മഹേശ്വരം ഡിസിപി ഡി സുനിത റെഡ്ഡി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios