ജ്വല്ലറി ഉടമയും ഉപഭോക്താവും തമ്മിൽ തർക്കം, ഒടുവിൽ തോക്കെടുത്ത് ഉടമ; അന്വേഷണം തുടങ്ങിയെന്ന് യു.പി പൊലീസ്
ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ജ്വല്ലറി ഉടമ തോക്കൂ ചൂണ്ടി സംസാരിക്കുന്നതും സ്ഥാപനത്തിലെ ഒരു സുരക്ഷാ ജീവനക്കാരൻ ഉപഭോക്താവിനോട് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നതും കാണാം.
ലക്നൗ: ജ്വല്ലറിയിൽ ഉടമയും ഉപഭോക്താവും തമ്മിലുണ്ടായ തർക്കത്തിനിടെ തോക്കെടുത്ത് ഉടമ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സ്വയരക്ഷ മുൻനിർത്തിയാണ് ജ്വല്ലറി ഉടമ തോക്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
അനുഭവ് അഗർവാൾ എന്നയാളുടെ ഉടമസ്ഥയിലുള്ള ഒരു ജ്വല്ലറിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഒരു ഉപഭോക്താവും ജ്വല്ലറി ഉടമയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഉപഭോക്താവ് അനുഭവ് അഗർവാൾ ഇരുന്നിരുന്ന സ്ഥലത്തേക്ക് കയറിവന്നു. തുടർന്നാണ് തർക്കത്തിനിടെ ഇയാൾ തോക്കെടുത്തത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ജ്വല്ലറി ഉടമ തോക്കൂ ചൂണ്ടി സംസാരിക്കുന്നതും സ്ഥാപനത്തിലെ ഒരു സുരക്ഷാ ജീവനക്കാരൻ ഉപഭോക്താവിനോട് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നതും കാണാം.
ജ്വല്ലറി ഉടമ ഉപഭോക്താവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുമ്പോൾ ഒന്നുകിൽ തനിക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്നും അല്ലെങ്കിൽ തനിക്ക് നേരെ വെടിവെയ്ക്കാനുമാണ് മറുപടി. ലൈസൻസുള്ള തോക്കാണ് അനുഭവ് അഗർവാളിന്റെ കൈവശമുണ്ടായിരുന്നതെന്നും സ്വയരക്ഷ മുൻനിർത്തിയാണ് അത് പുറത്തെടുത്തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് ഡിസിപി ശശാങ്ക് സിങ് പറഞ്ഞു. സംഭവത്തിൽ ജ്വല്ലറി ഉടമ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം