ദീര്‍ഘദൂര ബസ് സര്‍വീസുകളെ ബാധിക്കും; തമിഴ്നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി, വലഞ്ഞ് യാത്രക്കാർ
ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്
ചെന്നൈ: തമിഴ്നാട്ടിൽ ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പടെ ആറിന ആവശ്യങ്ങൾ പൊങ്കലിന് മുൻപ് അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്ളതടക്കം ദീർഘദൂര ബസ് സർവീസുകളെ പണിമുടക്ക് ബാധിക്കും. അതേസമയം ഡിഎംകെ അനുകൂല യൂണിയൻ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ജോലിക്ക് എത്തുന്നവരുടെ സുരക്ഷയ്ക്കായി 21,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കൽ പ്രമാണിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.
തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്കിനെതുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിൽ യാത്രക്കാര്‍ വലഞ്ഞു. മധുര ജില്ലയിൽ 10 ശതമാനം ബസുകൾ പോലും സർവീസ് നടത്തുന്നില്ല. ഈറോഡിൽ സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.അതേസമയം, സമരം ബസ് സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.സർക്കാർ ബസുകൾ പതിവ് പോലെ സർവീസ് നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു. ചെന്നൈയിൽ ഒരു റൂട്ടിലും സർവീസ് മുടങ്ങിയിട്ടില്ല എന്നും 92.96 ശതമാനം ബസുകളും സർവീസ് നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.