'ശ്ശെടാ... എന്നാലും ഇതെങ്ങനെ', കട്ടക്കലിപ്പിൽ നാട്ടുകാർ! രാത്രി ടാർ ചെയ്തു, രാവിലെ പൊളിഞ്ഞു, പ്രതിഷേധം ശക്തം
മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിലെ ടാറിംഗാണ് മണിക്കൂറുകൾക്കകം പൊളിഞ്ഞത്
ഇടുക്കി: കനത്ത മഴ അവഗണിച്ച് റോഡിൽ നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിലെ ടാറിംഗാണ് മണിക്കൂറുകൾക്കകം പൊളിഞ്ഞത്. ഇതേത്തുടർന്ന് റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴയത്തും റോഡുകളിപ്പോൾ ടാർ ചെയ്യാമെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിംഗ് നടത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നിർത്തി വച്ച് ടാറിംഗ് പാതിരാത്രിയോടുകൂടി പുനരാരംഭിച്ചു. ഈ ടാറിംഗാണ് പകൽ വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ പൊളിഞ്ഞു പോയത്.
78 കോടി രൂപ ചെലവിലാണ് കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്‍റെ നിർമ്മാണം. ഒരു കിലോമീറ്ററിന് രണ്ട് കോടി 75 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. ഇതിൽ തൂക്കുപാലം മുതൽ കല്ലാർ ടൗൺ വരെയുള്ള ഭാഗത്തെ നിർമാണത്തിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഈ റോഡിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ പരിശോധന നടത്തണമെന്നും നിലവിലെ ടാറിംഗ് ഇളക്കി മാറ്റി പുതിയ ടാറിംഗ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം