വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുത്; കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ 

വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നോടിയായി വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 

Centre has opposed petitions seeking the criminalisation of marital rape in supreme court

ദില്ലി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ കേന്ദ്രം എതിർത്തു. ഇത് സംബന്ധിച്ച് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്നത്തേക്കാൾ ഉപരിയായി സാമൂഹികപരമായ വിഷയമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 

വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നോടിയായി വിപുലമായ കൂടിയാലോചനകൾ ആവശ്യമാണെന്നും ഈ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വിവാഹ ബന്ധത്തിൽ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അനുയോജ്യമായ മറ്റ് ശിക്ഷാ നടപടികൾ നിലവിലുണ്ട്. സമ്മതമില്ലാതെയുള്ള ഏതൊരു പ്രവർത്തിക്കും വിവാഹത്തിനകത്തും പുറത്തും വ്യത്യസ്തമായ ശിക്ഷയാണ് നൽകേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി. 

ഭാര്യയുടെ സമ്മതം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് അവകാശമില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, മറ്റ് ബലാത്സംഗ കേസുകളിൽ സ്വീകരിക്കുന്ന കർശന നിയമ നടപടികൾ ഈ വിഷയത്തിലും സ്വീകരിച്ചാൽ അത് വൈവാഹിക ബന്ധത്തെ അസ്ഥിരപ്പെടുത്തുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച ഏത് തീരുമാനവും എടുക്കേണ്ടത് പാർലമെന്റാണെന്നും അതിൻ്റെ ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് അഭിപ്രായം അറിയിച്ചിരിക്കുന്നതെന്നും കോടതിയിൽ കേന്ദ്രം നിലപാടെടുത്തു.

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹർജികൾക്കെതിരായാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നും വേണ്ടെന്നുമുള്ള വിവിധ ഹർജികളിൽ സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്. വിവാഹ ശേഷം ഭർത്താവ് ഭാര്യയോട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ഭരണഘടന അനുസരിച്ച് സാധുതയുള്ളതായി കണക്കാക്കാമോ എന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച്‌ മുമ്പ് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. 

READ MORE: ഡമാസ്‌കസിലും ഇസ്രായേൽ വ്യോമാക്രമണം; ഹസൻ നസ്റല്ലയ്ക്ക് പിന്നാലെ മരുമകനും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios