തോക്കുകളുമായെത്തിയ നാലംഗ സംഘത്തെ വടികൊണ്ട് നേരിട്ട് കടയുടമ, ഇറങ്ങിയോടിയവരിൽ ഒരാളെ നാട്ടുകാർ പിടികൂടി
ഉച്ചയോടെയാണ് തോക്കുകളുമായി നാലംഗ സംഘം ജ്വല്ലറിയിലേക്ക് ഇരച്ചുകയറിയത്. കടയുടമയുടെ മനഃസാന്നിദ്ധ്യം കാരണം മോഷ്ടിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, സംഘത്തിലെ ഒരാൾ കുടുങ്ങുകയും ചെയ്തു.
പൂനെ: തോക്കുകളുമായി ജ്വല്ലറിയിൽ മോഷ്ടിക്കാൻ കയറിയ നാലംഗ സംഘത്തെ വടികൊണ്ട് നേരിട്ട് കടയുടമ. വ്യാഴാഴ്ച താനെ നഗരത്തിലായിരുന്നു സംഭവം. മോഷ്ടാക്കളിൽ ഒരാൾ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമർ സിങ് ജാദവ് പറഞ്ഞു.
മനഃസാന്നിദ്ധ്യത്തോടെ കള്ളന്മാരെ നേരിട്ട കടയുടമ മോഷ്ടിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഉച്ചയോടെയാണ് തോക്കുകളുമായി നാലംഗ സംഘം താനെയിലെ ബൽകും പ്രദേശത്തെ ജ്വല്ലറിയിൽ കയറിയത്. കടയുടമയെ ഇവർ ഭീഷണിപ്പെടുത്തി. സ്വർണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമ അലാം മുഴക്കുകയും കൈയിൽ കിട്ടിയ വടികൊണ്ട് മോഷ്ടാക്കളെ അടിക്കാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തരായ മോഷ്ടിക്കൾ രക്ഷപ്പെടാനുള്ള ശ്രമമായി. ഇതിനിടെയാണ് ഒരാൾ വെടിയുതിർത്തത്. ആർക്കും പരിക്കേറ്റിട്ടില്ല. കടയുടെ അകത്ത് നിൽക്കുമ്പോഴാണോ അതോ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണോ ഇവർ വെടിയുതിർത്തതെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
കടയിൽ നിന്നിറങ്ങി മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ നാട്ടുകാർ സംഘത്തിലെ ഒരാളെ കീഴ്പ്പെടുത്തി. പിന്നീട് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇയാളെ കൈമാറുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന മൂന്ന് പേർക്കായി അന്വേഷണം തുടങ്ങിയിയതായി പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിന്റെയും കടയുടമ ഒറ്റയ്ക്ക് നാലംഗ സംഘത്തെ നേരിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം