കട്ടപ്പുകയല്ലാതെ ഒന്നും കാണാത്ത സ്ഥിതി! കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; പ്രതിസന്ധിയിൽ ദില്ലി വിമാനത്താവളം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്
ദില്ലി: ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ദില്ലി വിമാനത്താവളത്തിൽ പ്രതിസന്ധി. ദില്ലിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്. ദില്ലിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.
മലിനീകരണം നിയന്ത്രിക്കാൻ ആന്റി സ്‌മോഗ് ഗണ്ണുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. മലിനീകരണത്തോത് കൂടിയാൽ സ്കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. പലയിടങ്ങളിലും വായുഗുണനിലവാരസൂചിക 400നും മുകളിലാണ്. യമുന നദിയില്‍ വിഷപ്പത തുടരുന്ന സാഹചര്യമാണ്.