കുടുംബം വാടകക്കെടുത്ത ഫ്ലാറ്റിനെ കുറിച്ച് സംശയം, റെയ്ഡ് ചെയ്തപ്പോൾ ഞെട്ടി, ഒറാങ്ങ്ഉട്ടാനടക്കം അപൂർവയിനം ജീവികൾ
എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് അപൂർവ്വയിനം ജീവികളെ പിടികൂടിയത്. ഫ്ലാറ്റ് വാടകയ്ക്കെടുത്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
താനെ: ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാൻ, അപൂർവയിനം പാമ്പുകൾ, പലയിനം ഉരഗങ്ങൾ എന്നിവയെ കണ്ടെത്തി. വിദേശ ഇനങ്ങൾ ഉൾപ്പെടെ നിരവധി അപൂർവ്വയിനം വന്യജീവികളെയാണ് ഇവിടെ കൂട്ടിലടച്ചിരുന്നത്. വനം വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
മഹാരാഷ്ട്രയിലെ താനെയിൽ ഡോംബിവ്‌ലിയിലെ ഫ്ലാറ്റിലാണ് കല്യാൺ വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. ഒരു കുടുംബം വാടകയ്ക്ക് എടുത്ത ഫ്ലാറ്റാണിത്. പരിശോധിച്ച പൊലീസ് - വനം വകുപ്പ് സംഘം ഞെട്ടിപ്പോയെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വോളണ്ടിയർ അങ്കിത് വ്യാസ് പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാനെ ശുചിമുറിയിൽ കൂട്ടിലടച്ച നിലയിലാണ് കണ്ടെത്തിയത്. ഇതോടൊപ്പം അപൂർവ്വയിനം ആമകൾ, പാമ്പുകൾ, പെരുമ്പാമ്പ്, ഇഗ്വാന തുടങ്ങിയവയെയും കണ്ടെത്തി. ചെറിയ കൂടുകളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായാണ് ഇവ ഉണ്ടായിരുന്നത്. ഇവയെ താൽക്കാലികമായി പ്രദേശത്തെ സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
എക്സ്പീരിയ മാളിനടുത്തുള്ള ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്നാണ് നിരോധിത ഇനങ്ങളെ ഉൾപ്പെടെ പിടികൂടിയത്. എന്നാൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവരവിടെ താമസമുണ്ടായിരുന്നില്ല. അവരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം