'ഒന്നും വെറുതെയാകില്ല, ചെലവാക്കുന്ന ഓരോ രൂപയും 2.5 രൂപയായി തിരികെ ലഭിക്കും'; ഇസ്രോയുടെ കണക്ക് നിരത്തി ചെയർമാൻ
ഇസ്രോയുടെ തുടക്കം മുതൽ കഴിഞ്ഞ 55 വർഷമായി ഇതുവരെയുള്ള മൊത്തം നിക്ഷേപം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു വർഷത്തെ ബജറ്റിനേക്കാൾ കുറവാണ്
ദില്ലി: ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഐഎസ്ആർഒ) ചെലവാക്കുന്ന ഓരോ രൂപക്കും പകരം രണ്ടര രൂപയായി തിരികെ ലഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഐഎസ്ആർഒയിൽ സർക്കാർ മുടക്കുന്ന പണം സമൂഹത്തിന് ഗുണം ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു സോമനാഥ്. ബഹിരാകാശ യാത്ര ചെയ്യുന്ന രാജ്യങ്ങൾക്കിടയിൽ ആധിപത്യത്തിനായി മത്സരിക്കുന്നതിനേക്കാൾ രാജ്യത്തെ സേവിക്കുക എന്നതാണ് ലക്ഷ്യം. ചന്ദ്രനിലേക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. ധനസഹായത്തിനായി സർക്കാരിനെ മാത്രം ആശ്രയിക്കാനാവില്ല. ഐഎസ്ആർഒ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും തുടരുകയും വേണം. അല്ലെങ്കിൽ, ചെലവേറിയ എന്തെങ്കിലും ചെയ്ത ശേഷം, സർക്കാർ നിങ്ങളോട് അടച്ചുപൂട്ടാൻ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങൾ വിലയിരുത്തി യൂറോപ്യൻ ബഹിരാകാശ കൺസൾട്ടൻസിയായ നോവാസ്‌പേസുമായി സഹകരിച്ച് ഇസ്‌റോ കമ്മീഷൻ ചെയ്ത ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സാമൂഹിക-സാമ്പത്തിക ആഘാത വിശകലനത്തെ പരാമർശിക്കുകയായിരുന്നു സോമനാഥ്. ദേശീയ ബഹിരാകാശ ദിനത്തിൽ ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2014 നും 2024 നും ഇടയിൽ ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖല 60 ബില്യൺ ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വരുമാനം 2023-ലെ കണക്കനുസരിച്ച് 6.3 ബില്യൺ ഡോളറായി വളർന്നു. ഇത് ലോകത്തിലെ എട്ടാമത്തെ വലിയ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയായി മാറി. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 96,000 തൊഴിലവസരങ്ങൾ ഉൾപ്പെടെ 4.7 ദശലക്ഷം തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
2024-ലെ കണക്കനുസരിച്ച്, ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ഏകദേശം 6,700 കോടി രൂപ (8.4 ബില്യൺ ഡോളർ) മൂല്യമുള്ളതാണ്. ഇത് ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ 2%-3% സംഭാവന ചെയ്യുന്നു. ഇത് 2025 ഓടെ 13 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത ദശകത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ 10% വിഹിതം നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇസ്രോയുടെ തുടക്കം മുതൽ കഴിഞ്ഞ 55 വർഷമായി ഇതുവരെയുള്ള മൊത്തം നിക്ഷേപം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു വർഷത്തെ ബജറ്റിനേക്കാൾ കുറവാണ്. ഇസ്രോയുടെ നിലവിലെ വാർഷിക ബജറ്റ് ഏകദേശം 1.6 ബില്യൺ ഡോളറാണ്, നാസയുടെ നിലവിലെ വാർഷിക ബജറ്റ് 25 ബില്യൺ ഡോളറാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രോയുടെ അവസാന കണക്കനുസരിച്ച്, 2023 ഡിസംബർ 31 വരെ സ്വകാര്യ ഓപ്പറേറ്റർമാരുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 127 ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യ 97 റോക്കറ്റുകൾ വിക്ഷേപിക്കുകയും 432 വിദേശ ഉപഗ്രഹങ്ങൾ അയയ്ക്കുകയും ചെയ്തു. വാണിജ്യ വിക്ഷേപണങ്ങൾക്ക് മൂന്ന് വ്യത്യസ്ത റോക്കറ്റുകൾ ലഭ്യമാണ്. പ്രതിദിനം എട്ട് ലക്ഷം മത്സ്യത്തൊഴിലാളികളെ ഇസ്രോ സഹായിക്കുന്നുവെന്നും 140 കോടി ഇന്ത്യക്കാർക്ക് ഉപഗ്രഹാധിഷ്ഠിത കാലാവസ്ഥാ പ്രവചനത്തിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
Read More... ലാഭകരമല്ലെന്ന് നിർമാണ കമ്പനികളുടെ പരാതി, ആസ്ത്മ അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം
ഗ്രഹാന്തര പര്യവേക്ഷണ രംഗത്ത്, ആദ്യ ശ്രമങ്ങളിൽ തന്നെ ചന്ദ്രൻ്റെയും ചൊവ്വയുടെയും ഭ്രമണപഥത്തിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രൻ്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ-3 ലാൻഡർ വിക്രം സോഫ്റ്റ് ലാൻഡുചെയ്‌തു. ഇന്ത്യ ഇപ്പോൾ ആദിത്യ എൽ-1 ഉപഗ്രഹം വഴി സൂര്യനെ പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.