വർക്ക് ഷോപ്പിൽ അഗ്നിബാധ, കത്തിയമർന്ന് ബെൻസും ഓഡിയും ബിഎംഡബ്ല്യുവും അടക്കം 16 കാറുകൾ

മെർസിഡീസ് ബെൻസ്, ഓഡി ക്യു 5, ബിഎംഡബ്ല്യു, റേഞ്ച് റോവർ, വോൾവോ, ഫോർഡ് ഇക്കോ സ്പോർട്, ഓപൽ എസ്ട്രാ, ജാഗ്വാർ അടക്കമുള്ള വാഹനങ്ങളാണ് കത്തിനശിച്ചത്. വർക്ക് ഷോപ്പിലുണ്ടായിരുന്ന മറ്റ് ചില പഴയ വാഹനങ്ങളും പൂർണമായി കത്തിനശിച്ചിട്ടുണ്ട്

fire in luxury vehicle service center 16 luxury cars including benz, audi, and BMW burned to ashes

ഗുരുഗ്രാം: ഗുരുഗ്രാമിലെ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 16 ആഡംബര കാറുകൾ കത്തിനശിച്ചു. തീപിടിത്തം നടക്കുമ്പോൾ ജീവനക്കാര്‍ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാഹനങ്ങൾ കത്തിനശിച്ചതിലൂടെ മാത്രം ഏഴ് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗുരുഗ്രാമിലെ  മോത്തി വിഹാറിലെ സെക്ടർ 41ലെ വർക്ക് ഷോപ്പിലാണ് വെളളിയാഴ്ച അഗ്നിബാധയുണ്ടായത്. 

പുലർച്ചെ 3 മണിയോടെയാണ് ബെർലിൻ മോട്ടോർ വർക്ക് ഷോപ്പിൽ അഗ്നിബാധയുണ്ടായത്. മെർസിഡീസ് ബെൻസ്, ഓഡി ക്യു 5, ബിഎംഡബ്ല്യു, റേഞ്ച് റോവർ, വോൾവോ, ഫോർഡ് ഇക്കോ സ്പോർട്, ഓപൽ എസ്ട്രാ, ജാഗ്വാർ അടക്കമുള്ള വാഹനങ്ങളാണ് കത്തിനശിച്ചത്. വർക്ക് ഷോപ്പിലുണ്ടായിരുന്ന മറ്റ് ചില പഴയ വാഹനങ്ങളും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. 

മൂന്ന് മണിക്കൂറിലേറെ പ്രയത്നിച്ച ശേഷമാണ് വർക്ക് ഷോപ്പിൽ പടർന്ന തീ മറ്റ് മേഖലയിലേക്ക് പടരാതെ നിയന്ത്രിക്കാനായത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും കാറുകൾ പൂർണമായി കത്തിയമർന്ന് നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നതാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഗാരേജിൽ സൂക്ഷിച്ചിരുന്ന ഓയിലുകളും മറ്റും അഗ്നി വലിയ രീതിയിൽ പടരാൻ കാരണമായെന്നാണ് നിരീക്ഷണം. 20ഓളം ആഡംബര വാഹനങ്ങളായിരുന്നു വർക്ക് ഷോപ്പിൽ സർവ്വീസിനായി എത്തിച്ചിരുന്നത്. ഇതിൽ അഞ്ച് വാഹനങ്ങൾക്ക് മാത്രമാണ് കാര്യമായ തകരാറുകൾ സംഭവിക്കാതെയുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios