പോർഷെ അപകടം, രക്ത സാംപിളുകൾ മാറ്റിയ ട്വിസ്റ്റുകൾ വെളിപ്പെടുത്തി പൊലീസ് കമ്മീഷണർ, അട്ടിമറി തടഞ്ഞെന്നും വാദം
പിതാവും സഹോദരനും മദ്യ ലഹരിയിൽ ആയതിനാൽ നൽകിയത് 24 മണിക്കൂർ മുൻപ് മദ്യപിച്ച അമ്മയുടെ രക്തസാംപിൾ. അട്ടിമറി ശ്രമം നേരത്തേ അറിഞ്ഞതിനാൽ രക്ത സാംപിൾ വേറെയും ശേഖരിച്ചിരുന്നതായി പൊലീസ് കമ്മീഷണർ
മുംബൈ: മദ്യപിച്ച് പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച രണ്ട് പേർ മരിച്ച സംഭവത്തിലെ കേസ് അട്ടിമറി ശ്രമത്തിലെ ട്വിസ്റ്റ് വ്യക്തമാക്കി പൂനെ സിറ്റി പൊലീസ് കമ്മീഷണർ. 17കാരന്റെ രക്ത സാംപിളുകൾ പരിശോധനയ്ക്കിടെ അമ്മയുടെ രക്ത സാംപിളുമായി മാറ്റി തെളിവുകൾ അട്ടിമറിച്ചിരുന്നു. എന്നാൽ അമ്മയുടെ രക്ത സാംപിൾ ഇത്തരമൊരു അട്ടിമറിക്ക് ഉപയോഗിച്ചതിന്റെ കാരണമാണ് പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ ഒരു സ്വകാര്യ ചടങ്ങിൽ വിശദമാക്കിയത്. 17കാരന്റെ പിതാവും അടുത്ത ബന്ധുവും മദ്യപിച്ച അവസ്ഥയിലായിരുന്നു. അതിനാലാണ് 24 മണിക്കൂർ മുൻപ് മദ്യപിച്ച പതിനേഴുകാരന്റെ അമ്മയുടെ രക്തസാംപിൾ തെളിവുകൾ അട്ടിമറിക്കാനായി നൽകിയത്.
അമിതേഷ് കുമാർ ഇക്കാര്യം വിശദമാക്കുന്ന വീഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് രണ്ട് പേരുടെ ജീവൻ നഷ്ടമാക്കിയ സംഭവത്തിൽ 17കാരന് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ചെയ്തതായാണ് അമിതേഷ് കുമാർ വിശദമാക്കുന്നത്. മധ്യപ്രദേശ് സ്വദേശികളായ രണ്ട് ഐടി എൻജിനിയർമാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പൂനയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഡാലോചന പുറത്ത് വന്നത്.
പ്രതിയുടെ അച്ഛനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് രക്ത സാംപിളിൽ കൃത്രിമം നടത്തിയത്. പതിനേഴുകാരന്റെ പിതാവിന്റെ സാംപിളാണ് സാസൂൺ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടത്. ഇത് ലഭ്യമാകില്ലെന്ന് വ്യക്തമായതോടെ അടുത്ത ബന്ധുവിന്റെ രക്ത സാംപിൾ ആവശ്യപ്പെട്ടും ഇതും സാധ്യമാകാതെ വന്നതോടെയാണ് പതിനേഴുകാരന്റെ രക്തസാംപിൾ ചവറ്റുകുട്ടയിലെറിഞ്ഞ ഡോക്ടർമാർ പകരം അമ്മ ശിവാനി അഗർവാളിന്റെ രക്ത സാംപിൾ പരിശോധിച്ചത്. ഇതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ രക്ത സാംപിളിൽ തിരിമറി നടത്താൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചിരുന്നതിനാൽ 17കാരന്റെ വേറെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചിരുന്നതായാണ് പൂനെ സിറ്റി പൊലീസ് കമ്മീഷണർ വിശദമാക്കുന്നത്. ഓഗസ്റ്റ് 9ന് പുറത്ത് വന്ന ഡിഎൻഎ ഫല പരിശോധനത്തിന്റെ അടിസ്ഥാനത്തിൽ 17കാരന്റെ രണ്ട് സുഹൃത്തുക്കളുടെ രക്ത സാംപിളുകളും മാറ്റിയതായി വ്യക്തമായിരുന്നു. ഇവരും പ്രായപൂർത്തി ആകാത്തവരായതിനാൽ ഇവരുടെ പിതാക്കൻമാർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരിലൊരാളെ അറസ്റ്റ് ചെയ്തതായും രണ്ടാമത്തെയാൾ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം വാങ്ങി മുങ്ങിയിരിക്കുകയാണെന്നുമാണ് അമിതേഷ് കുമാർ വിശദമക്കിയിരിക്കുന്നത്. ശനിയാഴ്ച കേസിലെ സപ്ലിമെന്ററി ഫൈനൽ റിപ്പോർട്ട് ജഡുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ പൊലീസ് സമർപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം