Asianet News MalayalamAsianet News Malayalam

നദിയിൽ കുളിക്കാനിറങ്ങിയ നാട്ടുകാരായ എട്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണമായ സംഭവം ഗുജറാത്ത് ഗാന്ധിനഗറിൽ

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ നദീ തീരത്ത് എത്തിയ ഗ്രാമവാസികളാണ് അപകടം സംബന്ധിച്ച വിവരം അധികൃതരെ അറിയിച്ചത്. എട്ട് മൃതദേഹങ്ങളും പിന്നീട് കണ്ടെടുത്തു.

Eight villagers drowned to death in a river while taking bath and dead bodies recovered
Author
First Published Sep 13, 2024, 8:39 PM IST | Last Updated Sep 13, 2024, 8:39 PM IST

അഹ്മദാബാദ്: ഗുജറാത്തിൽ നദിയിൽ കുളിക്കാനിറങ്ങിയ എട്ട് പേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മെഷ്വോ നദിയിൽ കുളിക്കാൻ ഇറങ്ങിയ എട്ട് ഗ്രാമവാസികൾ മരണപ്പെടുകയായിരുന്നു എന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ബി.ബി മോദിയ അറിയിച്ചു.

നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാൻ എത്തിയ ഗ്രാമവാസികളാണ് നദിയിൽ അപകടം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റേ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. നദിയിൽ മുങ്ങിപോയിരിക്കാമെന്ന് സംശയിച്ചിരുന്ന ഒരാളെ പിന്നീട് ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവ‍ർത്തനം അവസാനിപ്പിച്ചു.

നദിയിൽ കുളിക്കാൻ എത്തിയവരാണ് മുങ്ങി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടമുണ്ടായ സ്ഥലത്തിന് അൽപം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയർന്നു. ഇത് മനസിലാക്കുന്നതിൽ വന്ന വീഴ്ചയാകാം അപകടത്തിൽ കലാശിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios