പ്രധാനമന്ത്രി 'ദുശ്ശകുനം' പരാമർശം രാഹുൽ ഗാന്ധിക്ക് വിനയാകുമോ? ദില്ലി പൊലീസിൽ പരാതി എത്തി, നടപടി എന്താകും?
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ 'ദുശ്ശകുനം' പരാമർശത്തിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാതി. രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പൊലീസിലാണ് പരാതി എത്തിയത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോൽവിയുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്‍റെ പരാമർശം. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്‍പിച്ചെന്ന പരിഹാസം രാഹുല്‍ നടത്തിയത്. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ മോദിക്ക് തിരിച്ചടി നല്‍കിയത്.
വിമർശിച്ച് കീർത്തി ആസാദും
നേരത്തെ കളിയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ ഡ്രസിംഗ് റൂമിലെത്തി മോദി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ മോദിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്ററുമായ കീര്‍ത്തി ആസാദും രംഗത്തെത്തിയത്. ഒരു ടീമിനെ സംബന്ധിച്ച് ശ്രീകോവില്‍ പോലെ പരിശുദ്ധമായ സ്ഥലമാണ് ഡ്രസിംഗ് റൂം. താരങ്ങള്‍ക്കും സഹായികള്‍ക്കും മാത്രമേ അവിടെ പ്രവേശനം അനുവദിക്കാറുള്ളൂ. അഭിനന്ദിക്കാന്‍ എത്തുന്ന ആളുകളെ സ്വന്തം കിടപ്പ് മുറിയിലോ മറ്റ് സ്വകാര്യയിടങ്ങളിലോ കയറാന്‍ മോദി അനുവദിക്കാറുണ്ടോയെന്നും ആസാദ് ചോദിച്ചു. കളിയില്‍ തോറ്റതിന്‍റെ മനോവിഷമത്തിലുള്ള താരങ്ങളുടെ നേര്‍ക്ക് തുറിച്ച് നോക്കുന്ന ക്യമറകളുമായി ഷൂട്ടിംഗിന് പോയ മോദിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും കുറ്റപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം