രാജ്യത്ത് കൊവിഡ് ബാധിതർ നാലര ലക്ഷത്തിലേക്ക്; മരണം 14000 കടന്നു
മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും കൊവിഡ് മുക്തി നിരക്ക് 56 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,40,215 ആയി. 14011 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും കൊവിഡ് മുക്തി നിരക്ക് 56 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്.
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,39,010 പേർ മഹാരാഷ്ട്രയിൽ രോഗബാധിതരായെന്നാണ് കണക്കുകൾ പറയുന്നത്.
ദില്ലിയിൽ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 3947 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 66602 ആയി. ഇന്ന് മാത്രം 68 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 2301 ആയി.
തമിഴ്നാട്ടിൽ കൊവിഡ് മരണം 833 ആയി. 24 മണിക്കൂറിനിടെ 39 മരണം സംഭവിച്ചു. 2516 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 64603 ആയി. ചെന്നൈയിൽ മാത്രം 1380 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയവരിൽ രോഗ ബാധിതർ വർധിക്കുന്നു എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് എത്തിയ 5 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നെത്തിയ 79 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ ഇന്ന് 879 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9553 ആയി. ഹൈദരാബാദിൽ മാത്രം 652 പേർ രോഗബാധിരായി. ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണം ഉണ്ടായി . ഇതോടെ ആകെ കൊവിഡ് മരണം 229 ആയി. കർണാടകത്തിൽ ഇന്ന് 322 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 8 പേർ മരിച്ചു. ഇവിടെ ആകെ കേസുകളുടെ എണ്ണം 9721 ആയി.