രാജ്യസഭയിൽ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും, പ്രധാനമന്ത്രി പങ്കെടുക്കില്ല

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

 constitutional debate in the Rajya Sabha will begin today, Prime Minister will not attend

ദില്ലി: രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും.ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ശനിയാഴ്ച ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു.

എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണമില്ല. നേരത്തെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയിൽ 13, 14 ഇനങ്ങളായി ബിൽ അവതരണം ഉൾപ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടിവരുമെന്ന്  ബില്ലില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ലോക്സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.

ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ലവതരണം നീട്ടുന്നതെന്നാണ് സൂചന.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കില്ല, കാര്യപരിപാടി പട്ടികയില്‍ ബില്‍ ഇല്ല

 

Latest Videos
Follow Us:
Download App:
  • android
  • ios