വന്ദേ ഭാരതിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്ത് ട്രെയിനിൽ കയറിയപ്പോൾ കഥ മാറി; യുവാവിന്റെ പരാതിയിൽ പ്രതികരിച്ച് റെയിൽവെ
തനിക്ക് ഇപ്പോൾ ഇതിൽ പ്രശ്നമൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടായേക്കുമെന്നും യുവാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവെയുടെ പ്രതികരണം.
മുംബൈ: വന്ദേ ഭാരത് ട്രെയിനിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്ത ടിക്കറ്റുമായി ട്രെയിനിൽ കയറിയപ്പോൾ സീറ്റ് നമ്പർ കൊടുത്തിരിക്കുന്നതാവട്ടെ ജനലിന് അകലെയുള്ള മറ്റൊരു സീറ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഒരു യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ടിക്കറ്റിന്റെയും, ട്രെയിനിൽ സീറ്റ് നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉടൻ തന്നെ റെയിൽവെ അധികൃതരും പ്രതികരിച്ചു.
വരാണസിയിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള വന്ദേ ഭാരത് യാത്രയ്ക്ക് സി-8 കോച്ചിലെ 34-ാം സീറ്റാണ് യുവാവിന് ലഭിച്ചത്. ടിക്കറ്റിൽ തന്നെ അത് വിൻഡോ സീറ്റാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ യാത്ര ചെയ്യാനായി ട്രെയിനിൽ കയറിയപ്പോൾ ആ കോച്ചിലെ 34-ാം സീറ്റ് വിൻഡോ സീറ്റല്ലെന്ന് യുവാവിന് ബോധ്യപ്പെട്ടു. സീറ്റ് നമ്പർ 33 ആയിരുന്നു വിൻഡോ സീറ്റ്. റെയിൽവെയെ ടാഗ് ചെയ്തു കൊണ്ട് ഇക്കാര്യത്തിൽ പോസ്റ്റ് ഇട്ടതിനൊപ്പം തനിക്ക് ഇതിൽ പ്രശ്നമൊന്നുമില്ലെന്നും എന്നാൽ ഭാവിയിൽ യാത്രക്കാർക്ക് ഇതൊരു പ്രശ്നമാവാൻ സാധ്യതയുണ്ടെന്നും യുവാവ് കുറിച്ചു.
സംഭവത്തിൽ ഉടനെ പ്രതികരിച്ച റെയിൽ സേവ വിഭാഗം, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് യുവാവിന് ആദ്യം തന്നെ മറുപടി നൽകി. യാത്രക്കാരന്റെ മൊബൈൽ നമ്പർ മെസേജിലൂടെ അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. അധികം വൈകാതെ രണ്ട് ഉദ്യോഗസ്ഥർ സീറ്റിനടുത്തെത്തുകയും സീറ്റ് അറേഞ്ച്മെന്റിലെ പ്രശ്നം പരിഹരിച്ചെന്നും യുവാവ് തൊട്ടുപിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ കുറിച്ചു. 40 മിനിറ്റിനുള്ളിൽ ഇടപെട്ട റെയിൽവെയുടെ കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം