രാഷ്ട്രീയ കോളിളക്കമായി 'ഹിൻഡൻബർഗ്', ആയുധമാക്കാൻ രാഹുൽ ഗാന്ധി; ജെപിസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം
ആദ്യം സെബി അംഗമായും പിന്നീട് ചെയർപേഴ്സണായും മാധബിയെ നിയമിച്ചത് ആരുടെ പ്രേരണ കൊണ്ടാണെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്
ദില്ലി: അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നു എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിന്‍റ് പാർലമെന്‍ററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളു എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്.
വിശദവിവരങ്ങൾ ഇങ്ങനെ
ഊർജ്ജ കമ്പനികൾ വിദേശത്ത് നിന്ന് കൈപ്പറ്റിയ സേവനത്തിന്‍റെ ബില്ലുകൾ പെരുപ്പിച്ച് കാട്ടി വൻ തുക അദാനി കമ്പനികൾ വിദേശത്തേക്ക് കടത്തുന്നു. ഇതേ തുക മൗറീഷ്യസ്, ബെർമുഡ ഐലൻഡ് ആസ്ഥാനമായുള്ള ചില ബിനാമി കമ്പനികളിലൂടെ അദാനി കമ്പനിയിലേക്ക് തന്നെ തിരിച്ചെത്തിച്ച് കൂടുതൽ ഓഹരി വാങ്ങുന്നു. ഇതാണ് ഹിൻഡൻബർഗ് നേരത്തെ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്ന തട്ടിപ്പ്. ഇക്കാര്യം അന്വേഷിക്കുന്ന നിയന്ത്രണ അതോറിറ്റിയായ സെബിയുടെ ചെയർപേഴ്സണ് തന്നെ ഈ നിഴൽകമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഹിൻഡൻബർഗ് ഇന്നലെ പുറത്തു വിട്ടത്. അദാനി കമ്പനിയിലേക്ക് നിക്ഷേപം നടത്തിയ നിഴൽ സ്ഥാപനങ്ങൾ ഏതെന്ന് കണ്ടെത്താൻ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആ കമ്പനികളെക്കുറിച്ച് സെബി ചെയർപേഴ്സണ് തന്നെ അറിയാമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആദ്യം സെബി അംഗമായും പിന്നീട് ചെയർപേഴ്സണായും മാധബിയെ നിയമിച്ചത് ആരുടെ പ്രേരണ കൊണ്ടാണെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സെബി അന്വേഷണം നേരത്തെ സുപ്രീംകോടതി അംഗീകരിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ജെ പി സി രൂപീകരിക്കണം എന്ന നിലപാട് കോൺഗ്രസ് ശക്തമാക്കുകയാണ്.
തന്‍റെ ഭർത്താവിന് പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയെ വഴിവിട്ട് സഹായിച്ചു എന്ന തെളിവും ഹിൻഡൻബർഗ് നല്കുന്ന സാഹചര്യത്തിൽ മാധബി ലൂച്ചിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിക്ഷേപങ്ങളുടെ എല്ലാ വിവരവും സെബിയെ താൻ അറിയിച്ചതാണെന്നും കാരണം കാണിക്കൽ നോട്ടീസ് നല്കയിതിന് ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നുമായിരുന്നു മാധബി ബുച്ചിന്‍റെ പ്രതികരണം. എന്നാൽ വിദേശത്തെ ദുരൂഹ കമ്പനികളിൽ എന്തിന് നിക്ഷേപം നടത്തിയെന്ന് മാധബി വിശദീകരിച്ചില്ല. അദാനിയെ നരേന്ദ്ര മോദിയുടെ രാജ്യത്തെ സംവിധാനങ്ങളും വഴിവിട്ട് സഹായിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് ആയുധമാകുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം