വില്ലേജിൽ 1000 പരാതി നൽകി, രക്ഷയില്ലാതെ പരാതികൾ ഹാരമാക്കി കളക്ടറുടെ ഓഫിസിലേക്ക് 'പ്രദക്ഷിണം', ഉടൻ നടപടി
മുകേഷ് പ്രജാപത് നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി കളക്ടറുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായി എന്നതാണ് ശ്രദ്ധേയം
ഭോപ്പാൽ: പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും നടക്കുന്ന അഴിമതികളുടെ വാർത്തകൾ ഇടയ്ക്ക് പുറത്തുവരാറുണ്ട്. അഴിമതിക്കെതിരായ പല പല സമരങ്ങളും നടക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ പഞ്ചായത്തിലെ വില്ലേജ് ഓഫീസിലെ അഴിമതിക്കെതിരെ ഒരു വയോധികൻ നടത്തിയ വേറിട്ട പ്രതിഷേധം രാജ്യശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ നീമുച്ച് സ്വദേശി മുകേഷ് പ്രജാപത് നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി കളക്ടറുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായി എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ഏഴ് വർഷമായി മുകേഷ് പ്രജാപത് വില്ലേജ് ഓഫീസിലെ അഴിമതിക്കെതിരെ നിരന്തരം പരാതികൾ നൽകിയിരുന്നു. എന്നാൽ കാര്യമായി ഒന്നും പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ രക്ഷയില്ലാതെയാണ് മുകേഷ് പ്രജാപത് വേറിട്ട സമരത്തിലേക്ക് കടന്നത്. താൻ ഇത്രയും കാലം പരാതി നല്‍കിയതിന്‍റെ രേഖകള്‍ കഴുത്തില്‍ ഹാരമായി തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തുകയായിരുന്നു. അഴിമതിക്കാരനായ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എല്ലാ ചൊവ്വാഴ്ചയും നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്. ഈ യോഗത്തിലേക്കാണ് മുകേഷ് പ്രജാപത് പരാതി ഹാരവും കഴുത്തിലിട്ട് എത്തിയത്. ഏകദേശം ആയിരത്തോളം പരാതികളാണ് ഇത്തരത്തിൽ ഹാരമാക്കി ഇദ്ദേഹം കളക്ട്രേറ്റിലേക്ക് എത്തിയത്.
പരാതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ഉടനടി ജില്ലാ കളക്ടർ നിയോഗിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനകം നടപടി ഉണ്ടാകണമെന്നും കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതി പഞ്ചായത്തിൽ നടന്നുവെന്നാണ് മുകേഷ് പ്രജാപതിന്‍റെ പരാതികളിൽ പറയുന്നത്. തെളിവുകൾ നൽകിയിട്ടും നടപടിയെടുക്കുന്നതിൽ വില്ലേജ് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മുകേഷ് പ്രജാപതിന്‍റെ എല്ലാ പരാതികളും ഗൗരവമായി കാണാനും അടിയന്തരമായി പരിഹരിക്കാനും കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒരു പരാതി ലഭിച്ചാൽ ആ പരാതി എന്തായി എന്നത് രേഖാമൂലം പരാതിക്കാരെ അറിയിക്കേണ്ടതിൻ്റെ പ്രാധാന്യവും കളക്‌ടർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
STORY | MP man rolls on road inside district collectorate to highlight corruption by village sarpanch
— Press Trust of India (@PTI_News) September 3, 2024
READ: https://t.co/DvciwULMla
VIDEO: pic.twitter.com/dNwORYQTGz
അതേസമയം സംഭവത്തിൽ മധ്യപ്രദേശ് കോൺഗ്രസ് ഉള്‍പ്പെടെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ച് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതികളും തെളിവുകളുമായി ആളുകൾക്ക് ഇഴഞ്ഞ് വരേണ്ടി വരുന്നത് മോഹൻ യാദവ് സർക്കാരിന്‍റെ യഥാർത്ഥ ചിത്രമാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് കോൺഗ്രസിന്‍റെ വിമർശനം. നീതി തേടിയാണ് മുകേഷ് പ്രജാപതി കളക്ടറുടെ ഓഫീസിൽ എത്തിയത് എന്നു കുറിച്ചാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം