ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; നാല് പേർ മരിച്ചു, വാഹനം പൂർണമായി തകർന്ന നിലയിൽ
ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേരും മരിച്ചു. മൂന്ന് പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
ന്യൂഡൽഹി: ഡൽഹി - ഡെറാഡൂൺ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മുന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പൻചെദ ബൈപ്പാസിന് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എർട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മരിച്ച നാല് പേരും അലിഗഡ് സ്വദേശികളാണ്. 25നും 45നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച എല്ലാവരും. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഇപ്പോൾ ചികിത്സ നൽകിവരികയാണ്.
അപകടമുണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം റോഡിൽ ഉപേക്ഷിച്ചാണ് ഡ്രൈവർ ഓടി രക്ഷപ്പെട്ടത്. ഇത് കാരണം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും പിന്നീട് പൊലീസ് ഗതാഗത തടസ്സം നീക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം