വാഗ്ദാനം ചെയ്ത പോലെ ഫ്ലാറ്റ് നിർമ്മിച്ച് കൈമാറിയില്ല, നിർമ്മാതാവിന് വൻതുക പിഴ ശിക്ഷ
താമസിക്കാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നില്ല ഫ്ലാറ്റെന്നും ശുചിമുറി അടക്കമുള്ള സൌകര്യങ്ങളുണ്ടായിരുന്നില്ലെന്നുമാണ് പരാതിക്കർ കമ്മീഷനെ അറിയിച്ചത്
ഗ്രേറ്റർ നോയിഡ: ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതിൽ മൂന്ന് വർഷത്തെ കാലതാമസം. ഫ്ലാറ്റ് വാങ്ങിയ ആൾക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലാറ്റ് നിർമ്മാതാവ് നൽകേണ്ടത് ഫ്ലാറ്റിനായി വാങ്ങിയ പണത്തിന്റെ ആറ് ശതമാനം പലിശ അടക്കം മൂന്ന് വർഷത്തേക്കുള്ള പണം. ഗ്രേറ്റർ നോയിഡയിലെ സെക്ടർ 16ലെ പഞ്ച്ശീൽ ഗ്രീൻസിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതിനായി 2012ൽ 70 ലക്ഷം രൂപയാണ് നിർമ്മാതാവ് ഫ്ലാറ്റ് ഉടമകളിൽ നിന്ന് വാങ്ങിയത്. 2017ൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 2021ൽ നിർമ്മാണം പൂർത്തിയാകാത്ത ഫ്ലാറ്റ് നൽകി നിർമ്മാതാവ് കൈ മലർത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഫ്ലാറ്റിനായി പണം നൽകിയവർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഈ പരാതിയിലാണ് മൂന്ന് വർഷത്തെ ആറ് ശതമാനം പലിശയടക്കം പരാതിക്കാരിൽ നിന്ന് വാങ്ങിയ നിക്ഷേപം തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കി ഉടമകൾക്ക് നൽകാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കർഷക സമരം മൂലമാണ് കെട്ടിട നിർമ്മാണം വൈകിയതെന്ന നിർമ്മാതാവിന്റെ വാദം കോടതി തള്ളി. നിക്ഷേപകരോട് താമസിക്കാൻ ആവശ്യപ്പെട്ട നിർമ്മാതാവ് ഒക്യുപ്പേഷൻ സർട്ടിഫിക്കറ്റ് പോലും നൽകിയിരുന്നില്ലെന്ന് പരാതിക്കാർ വിശദമാക്കി. താമസിക്കാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നില്ല ഫ്ലാറ്റെന്നും ശുചിമുറി അടക്കമുള്ള സൌകര്യങ്ങളുണ്ടായിരുന്നില്ലെന്നുമാണ് പരാതിക്കർ കമ്മീഷനെ അറിയിച്ചത്.
കർഷക പ്രതിഷേധം ചൂണ്ടിക്കാണിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് 55.7 ലക്ഷം രൂപ വില പറഞ്ഞ ഫ്ലാറ്റിന്റ വില 70 ലക്ഷമായി നിർമ്മാതാവ് ഉയർത്തിയെന്നും പരാതിക്കാർ ആരോപിക്കുന്നത്. ഈ പണം ഉപയോഗിച്ച് നിർമ്മാതാവ് മറ്റ് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള നടപടി ആരംഭിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം