തകർന്ന കെട്ടിടത്തിന്‍റെ നിർമാണം അനധികൃതം, ഉടമയ്ക്കും കരാറുകാരനുമെതിരെ കർശന നടപടിയെന്ന് ഡി കെ ശിവകുമാർ
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് ബെംഗളൂരുവിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെട്ടിട നിർമാണം നിയമ വിരുദ്ധമാണെന്നും ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.
ആവശ്യമായ അനുമതികളോടെയല്ല കെട്ടിട നിർമാണം തുടങ്ങിയതെന്ന് ഡി കെ ശിവകുമാർ വിശദീകരിച്ചു. ഉടമയ്ക്കും കരാറുകാരനും എതിരെ കർശന നടപടിയെടുക്കും. എല്ലാ അനധികൃത നിർമ്മാണങ്ങളും തടയും. കെട്ടിടം തകർന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാർ.
21 തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അർമാൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), സത്യരാജു (25), ശങ്കർ എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റുു. ഇതുവരെ 13 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. 60/40 പ്ലോട്ടിൽ ഇത്രയും വലിയ കെട്ടിടം പണിയുന്നത് കുറ്റകരമാണെന്നും മൂന്ന് തവണ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ബൃഹത് ബംഗളൂരു മഹാനഗർ പാലികെ അധികൃതർ പറഞ്ഞു. കർശനമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇത് വലിയൊരു പാഠമാണെന്നും അധികൃതർ വിശദീകരിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തെരച്ചിലിന് ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. തെരച്ചിൽ പൂർത്തിയായ ശേഷം മാത്രമേ എത്ര പേർ അപകടത്തിൽപ്പെട്ടു എന്നറിയാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഇരുപതോളം തൊഴിലാളികൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. മറ്റ് തൊഴിലാളികൾ കെട്ടിടത്തിന് സമീപമുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു.
അതിനിടെ ഒരു കെട്ടിട നിർമാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ കഴിഞ്ഞ അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എൻഡിആർഎഫും എസ്ഡിആർഎഫും പൊലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തെരച്ചിലിനിടെ അയാസിന് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കിയത്. ജെസിബി കൊണ്ട് വശത്തെ സിമന്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പതുക്കെ പുറത്തെടുക്കുകയായിരുന്നു. അയാസിനെ ഉടൻ തന്നെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം