കഴുത്തൊപ്പം ചെളി നിറഞ്ഞ വെള്ളം, കൈക്കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിലാക്കി സാഹസികമായി രക്ഷപ്പെടുത്തി
ചെളി നിറഞ്ഞ വെള്ളത്തിലൂടെ ചെന്ന് സാഹസികമായാണ് രണ്ടു പേർ കുഞ്ഞിനെ രക്ഷിച്ചത്.
വിജയവാഡ: രൂക്ഷമായ മഴക്കെടുതിയിൽ വലയുന്ന ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ കൈക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നു ചെന്നാണ് രക്ഷാപ്രവർത്തകർ കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിൽ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വിജയവാഡയിലെ സിംഗ് നഗറിൽ നിന്നുള്ള കാഴ്ചയാണിത്.
ചെളി നിറഞ്ഞ വെള്ളത്തിലൂടെ ചെന്ന് സാഹസികമായാണ് രണ്ടു പേർ കുഞ്ഞിനെ രക്ഷിച്ചത്. വീടിന് ചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങിയതോടെയാണ് കുഞ്ഞിനെ മാറ്റേണ്ടിവന്നത്. വെള്ളക്കെട്ട് കാരണം വിജയവാഡ നഗരം ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. തീരദേശ ആന്ധ്രയിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെലങ്കാനയിലെ നാല് ജില്ലകളിലും ഇന്ന് റെഡ് അലർട്ടുണ്ട്.
200-ലധികം ആഡംബര കാറുകൾ വെള്ളത്തിൽ മുങ്ങിയ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ വിജയവാഡയിൽ 323 ട്രെയിനുകൾ റദ്ദാക്കി. 170 എണ്ണം വഴിതിരിച്ചുവിട്ടു. മഴക്കെടുതിക്കിടെ ആന്ധ്രയിലും തെലങ്കാനയിലുമായി 27 പേർ മരിച്ചു. കര, വ്യോമ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സ്വന്തം ജീവൻ വകവെയ്ക്കാതെ ഒമ്പത് പേരുടെ ജീവൻ രക്ഷിച്ച യുവാവിന്‍റെ ദൃശ്യം പുറത്തുവന്നു. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിലാണ് മൂന്നേരു നദിയിലെ പ്രകാശ് നഗർ പാലത്തിൽ കുടുങ്ങിയ ഒമ്പത് പേരെ ഹരിയാന സ്വദേശിയായ സുബ്ഹാൻ ഖാൻ രക്ഷിച്ചത്. പാലത്തിലൂടെ ബുൾഡോസർ ഓടിച്ച് അദ്ദേഹം കുടുങ്ങിയവരെ സുരക്ഷിതമായി എത്തിച്ചു. മാധ്യമപ്രവർത്തക ഉമാ സുധീറാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. താൻ പോയാൽ ഒരു ജീവൻ, തിരിച്ചുവന്നാൽ ഒമ്പത് പേരെ രക്ഷിക്കാമെന്ന് സുബ്ഹാൻ പറഞ്ഞതായി ഉമാ സുധീർ കുറിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ സുബ്ഹാനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം