'ഇതിലും വലിയ സന്തോഷം ജീവിതത്തിലില്ല', അനുഭവങ്ങള്‍ പങ്കുവെച്ച് രാംലല്ല വിഗ്രഹം നിര്‍മിച്ച അരുണ്‍ യോഗിരാജ്
കേദാർനാഥിലെ ആദി ശങ്കരാചാര്യയുടെ വിഗ്രഹം ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്‍റെ വിഗ്രഹം എന്നിവ നിർമ്മിച്ച അരുൺ യോഗിരാജ് എം ബിഎ ബിരുദധാരിയാണ്.
ബെംഗളൂരു: ഇതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അയോധ്യയിലെ രാം ലല്ല വിഗ്രഹം നിർമ്മിച്ച ശിൽപി അരുൺ യോഗിരാജ് പറഞ്ഞു. ഒരുപാട് അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് വിഗ്രഹം തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.അയോധ്യ പ്രാണപ്രതിഷ്ഠാചടങ്ങകൾക്ക് ഒരുങ്ങുമ്പോൾ മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജ് അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്. അദ്ദേഹം നിർമ്മിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ച് കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തമെന്നാണ് അരുൺ യോഗിരാജ് പറയുന്നത്.ശില്‍പം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും അരുണ്‍ യോഗിരാജ് സംസാരിച്ചു.
വിഗ്രഹം നിർമ്മിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതർ ഏൽപ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്‍റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി ഒരുപാട് വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവെന്നും കല്ല് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അരുണ്‍ യോഗിരാജ് പറഞ്ഞു. ഒടുവിൽ ഒരു കർഷകന്റെ പാടത്ത് നിന്ന് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.രാംലല്ല വിഗ്രഹം രാമഭക്തർക്ക് ഇഷ്ടമായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിലെ ആദി ശങ്കരാചാര്യയുടെ വിഗ്രഹം ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്‍റെ വിഗ്രഹം എന്നിവ നിർമ്മിച്ച അരുൺ യോഗിരാജ് എം ബിഎ ബിരുദധാരിയാണ്. കുറച്ച് നാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം മുത്തച്ഛന്‍റെ കീഴിൽ പാരമ്പര്യശില്‍പ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.