എയര്‍ ഇന്ത്യ ദില്ലി-സാൻഫ്രാൻസിസ്കോ വിമാനം 30 മണിക്കൂര്‍ വൈകി, ഇനിയും പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാര്‍
രാത്രി ഏഴ് മണിക്ക് പുറപ്പെടാനായി വിമാനത്തിന്റെ ഉള്ളിലേക്ക് യാത്രക്കാരെ വീണ്ടും കയറ്റിയെങ്കിലും റൺവ്വേയിൽ പ്രവേശിച്ച ശേഷം വിമാനം റൺവേയിൽ നിന്ന് പുറത്തിറക്കി
ദില്ലി: എയർ ഇന്ത്യയുടെ ദില്ലി - സാൻഫ്രാൻസിസ്കോ വിമാന സർവീസ് 30 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇന്നലെ പുറപ്പടെണ്ടിയിരുന്ന വിമാനമാണ് ഇതുവരെയായും പുറപ്പെടാത്തത്. ആദ്യം എട്ട് മണിക്കൂറോളം വൈകിയിരുന്ന വിമാനത്തിനുള്ളിലേക്ക് ഇന്നലെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിമാനത്തിനുള്ളിലെ എസി പ്രവർത്തിച്ചില്ല. ഇത് മൂലം ചില യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ യാത്രക്കാരെ വിമാനത്തിനുള്ളിൽ നിന്നും തിരിച്ചിറക്കി ഒരു ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിന് എതിരെ പല യാത്രക്കാരും സാമൂഹിക മാധ്യമമായ എക്സിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയെ ടാഗ് ചെയ്ത് രംഗത്ത് വന്നു. പിന്നാലെ എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നെങ്കിലും പുറപ്പെട്ടില്ല. രാത്രി ഏഴ് മണിക്ക് പുറപ്പെടാനായി വിമാനത്തിന്റെ ഉള്ളിലേക്ക് യാത്രക്കാരെ വീണ്ടും കയറ്റിയെങ്കിലും റൺവ്വേയിൽ പ്രവേശിച്ച ശേഷം വിമാനം റൺവേയിൽ നിന്ന് പുറത്തിറക്കി.