പതിവായി മദ്യപിച്ച് സ്കൂളിൽ വരും, അടിച്ചു പൂസായി റോഡിൽ കിടക്കും; ഹെഡ്മാസ്റ്റർക്കെതിരെ പരാതി, സംഭവം ജയ്പൂരിൽ
മദ്യലഹരിയിലായിരുന്ന പ്രധാന അധ്യാപകൻ്റെ വൈറലായ വീഡിയോ മാനേജിംഗ് കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
ജാജ്പൂർ: പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. ഒഡീഷയിലെ ജാജ്പൂരിലുള്ള ധർമശാലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് നടപടി. മറുപടി നൽകാൻ മൂന്ന് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. കർശന നടപടി ആവശ്യപ്പെട്ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പരാതിയുമായി നിരവധി രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മദ്യപിച്ച് സ്‌കൂളിലെത്തുന്നത് പതിവായതിനാൽ ഇയാളെ ഉടൻ തന്നെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെൻ്റും ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രധാന അധ്യാപകൻ്റെ വൈറലായ വീഡിയോയും മാനേജിംഗ് കമ്മിറ്റിയ്ക്ക് മുമ്പാകെ തെളിവായി ഹാജരാക്കിയിരുന്നു. സ്കൂളിന് സമീപത്തുള്ള ഒരു റോഡിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപകന്റെ വീഡിയോയാണ് വൈറലായിരുന്നത്. പ്രധാന അധ്യാപകൻ്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ധർമശാല ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അഭിജിത്ത് ബാരിക് പറഞ്ഞു.
അതേസമയം, അധ്യാപകൻ മദ്യപിച്ച് സ്‌കൂളിലെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വർഷം ജാജ്പൂർ ജില്ലയിൽ തന്നെ സമാനമായ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ഛത്തീസ്ഗഡിലെ ബസ്തറിലുള്ള ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾ മദ്യപിച്ചെത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച സംഭവം ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ മദ്യപിച്ച് സ്‌കൂളിൽ എത്തിയതിന് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.