1600 ഐഫോണുകളുമായി പോവുകയായിരുന്ന ട്രക്ക് തടഞ്ഞുനിർത്തി മോഷണം; കള്ളൻ കപ്പലിൽ തന്നെയെന്ന് പൊലീസിന് സംശയം
ട്രക്കിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് അനുമാനം. ബന്ധപ്പെട്ട എല്ലാവരെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.
ഭോപ്പാൽ: ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 1600 ഐഫോണുകൾ മോഷണം പോയതായി പരാതി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വെച്ചാണ് 12 കോടി രൂപ വിലവരുന്ന ഐഫോണുകൾ മോഷണം പോയതെന്ന് ഞായറാഴ്ച പൊലീസ് അറിയിച്ചു. ലോഡുമായി പോവുകയായിരുന്ന ട്രക്കിൽ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് മോഷണത്തിൽ പങ്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്നും പൊലീസ് പറയുന്നുണ്ട്.
ഹരിയാനയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വിലകൂടിയ ഐഫോണുകൾ മോഷണം പോയത്. 12 കോടി രൂപ വിലമതിക്കുന്ന 1600 ഫോണുകൾ നഷ്ടമായെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സാഗർ സോണൽ ഐജി പ്രമോദ് വർമ വാർത്താ ഏജൻസിയോട് പറഞ്ഞു. വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി അന്വേഷണം മുന്നോട്ട് നീങ്ങുകയാണെന്നും ഐജി അറിയിച്ചു. ഡൽഹിയിലേക്കും ഫരീദാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനി ഉദ്യോഗസ്ഥരെയും ട്രാൻസ്പോർട്ടേഷൻ, സെക്യൂരിറ്റി കമ്പനി ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ആരോപണ വിധേയനായ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രയ്ക്കിടെ തന്റെ സംഘത്തിലെ മറ്റുള്ളവരെ വിവരം അറിയിക്കുകയും ഹരിയാനയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം മദ്ധ്യപ്രദേശിലെ സാഗറിലെത്തിയപ്പോൾ സംഘത്തിലെ മറ്റുള്ളവരെത്തി ബലം പ്രയോഗിച്ച് ഡ്രൈവറെ കീഴ്പ്പെടുത്തുകയും മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ലഭ്യമാവുന്ന വിവരം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം