Asianet News MalayalamAsianet News Malayalam

കാലിൽ വേദനിക്കുന്നതായി 5ാം ക്ലാസുകാരൻ, പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടെ അഞ്ചാം ക്ലാസുകാരന്റെ കാലിൽ വേദന. മുറിവ് നോക്കാതെ മരുന്ന് വച്ച് അധ്യാപകർ, വൈകുന്നേരത്തോടെ പാമ്പ് കടിയേറ്റ പതിനൊന്നുകാരൻ അവശനിലയിൽ. രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും കുട്ടിക്ക് ദാരുണാന്ത്യം. സ്കൂളിനെതിരെ പ്രതിഷേധം പിന്നാലെ ഹെഡ്മാസ്റ്റർ അറസ്റ്റിൽ

11 year student die snake bite school grounds headmaster arrested
Author
First Published Oct 5, 2024, 4:52 PM IST | Last Updated Oct 5, 2024, 4:52 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിവെ ബർദ്ദവാനിൽ സ്കൂളിൽ 11കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം അധ്യാപകരോട് പറഞ്ഞിരുന്നുവെങ്കിലും ആരും അതിനെ കാര്യമായി എടുത്തിരുന്നില്ലെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റർ അറസ്റ്റിലായത്. കോശിഗ്രാം യൂണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇന്ദ്രഡിത് മജ്ഹിയാണ് ചൊവ്വാഴ്ച പാമ്പ് കടിയേറ്റ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പ് കടിച്ചത്. കാലിൽ വേദനിക്കുന്നതായി കുട്ടി പരാതിപ്പെട്ടെങ്കിലും അധ്യാപകർ കാര്യമാക്കിയില്ല. വീട്ടിലെത്തിയപ്പോഴേയ്ക്കും അവശനിലയിലായ കുട്ടി രക്ഷിതാക്കളോട് കാലിലെന്തോ കടിച്ചതായ വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ നോക്കിയപ്പോഴാണ് കാലിലെ നിറം മാറ്റം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ അധ്യാപകർക്കെതിരെ പരാതിപ്പെട്ടതോടെ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ മരണകാരണം പാമ്പുകടിയേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ കാലിൽ ഒന്ന് നോക്കിയിരുന്നെങ്കിൽ പാമ്പ് കടിച്ചതാണെന്ന് വ്യക്തമാവുമായിരുന്നുവെന്നും അത് പോലും ചെയ്യാതെയാണ് അധ്യാപകർ കുട്ടിയെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ രക്ഷിതാക്കൾ സംഘടിച്ച് സ്കൂളിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. 

വ്യാഴാഴ്ച രാവിലെ 300ഓളം പേരാണ് കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ പ്രതിഷേധിച്ച് എത്തിയത്. ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹെഡ്മാസ്റ്റർ പൂർണേന്ദു ബാനർജിയാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റർ പ്രതികരിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios