എന്താണ് ശ്വാസംമുട്ടുന്ന കൊവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന 'പ്രോണിങ്' എന്ന വിദ്യ ?

ARDS രോഗികൾക്ക് ആശ്വാസം പകരാനും വർഷങ്ങളായി ഡോക്ടർമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ് പ്രോണിങ് എന്ന ടെക്നിക്. 

what is proning technique that helps the suffocating covid 19 patients

ലോകമെമ്പാടും കൊവിഡ് പടർന്നുപിടിക്കുമ്പോൾ പല രാജ്യങ്ങളിൽ നിന്നായി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഈ ചിത്രങ്ങളിൽ അത്യാധുനിക വെന്റിലേറ്റർ സൗകര്യങ്ങളുടെ സഹായത്തോടെ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ നേർചിത്രങ്ങൾ നമുക്ക് കാണാവുന്നതാണ്. ഈ ചിത്രങ്ങളിൽ ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയിൽ പെടുന്നുണ്ട്. അത്, ഈ രോഗികളിൽ മിക്കവാറും ഐസിയു ബെഡിൽ കിടക്കുന്നത് മലർന്നല്ല, കമഴ്ന്നാണ് എന്നതാണ്.

what is proning technique that helps the suffocating covid 19 patients

സത്യത്തിൽ ഇത് ഒരു പഴയ ടെക്നിക്കാണ്. ഇതിനെ വിശേഷിപ്പിക്കാൻ  വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക സംജ്ഞ 'പ്രോണിങ് 'എന്നതാണ്.

എന്താണ് പ്രോണിങ്? 

കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കെല്ലാം തന്നെ വളരെ ആശ്വാസം പകരുന്ന ഒരു സവിശേഷവിധിയാണ് 'പ്രോണിങ്'എന്നറിയപ്പെടുന്നത്. രോഗികളെ കമഴ്ത്തി, 'പ്രോൺ'പൊസിഷനിൽ കിടത്തുകയാണ് ആശ്വാസം കിട്ടാനായി ഡോക്ടർമാർ ചെയ്യുന്നത്.

ഈ സവിശേഷ അവസ്ഥയിൽ രോഗികളെ മണിക്കൂറുകളോളം കിടത്തുന്നു. പല രോഗികളെയും വെന്റിലേറ്ററുകളുടെ സഹായമില്ലാതെ തന്നെ ശ്വാസോച്ഛാസം നടത്താൻ ഇങ്ങനെ കിടത്തുന്നത് സഹായിക്കുന്നു. വിശേഷിച്ച് ഒരു ഉപകരണത്തിന്റെയും സഹായം ഈ പ്രക്രിയക്ക് വേണ്ട എന്നതും രോഗികൾക്ക് ഗുണകരമാകുന്ന ഒന്നാണ്. 

എങ്ങനെയാണ് പ്രോണിങ് രോഗിക്ക് ആശ്വാസം പകരുന്നത്?

സംഗതി ലളിതമാണ്. പ്രോൺ പൊസിഷനിൽ രക്തത്തിലേക്ക് പ്രാണവായുവിൽ നിന്ന് ഓക്സിജൻ ആഗിരണം ചെയ്യപ്പെടുന്ന 'ഓക്സിജനേഷൻ' എന്ന പ്രക്രിയ കുറേക്കൂടി ഫലപ്രദമായ രീതിയിൽ നടക്കുന്നു എന്നതാണ് പ്രധാന നേട്ടം. ശരീരത്തിന്റെ പിൻഭാഗത്താണ് മുൻഭാഗത്തേക്കാൾ കൂടുതൽ ശ്വാസകോശ കോശങ്ങൾ (lung tissue) ഉള്ളത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോൾ ശ്വാസകോശത്തിൽ സ്വതവേ കണ്ടുവരാത്ത രീതിയിലുള്ള ചില സ്രവങ്ങളും, അടിഞ്ഞു കൂടലും ഒക്കെ ഉണ്ടാകും.

മലർന്നുകിടന്നാൽ ഈ സ്രവങ്ങൾ(secretions) ശ്വാസകോശത്തിന്റെ കോശങ്ങൾ കൂടുതലായി സ്ഥിതിചെയ്യുന്ന പിൻഭാഗത്ത് ചെന്ന് കെട്ടിക്കിടന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കൂടുതലായി ബാധിക്കുന്നു.  കമഴ്ന്നു കിടക്കുമ്പോൾ, ഈ സ്രവങ്ങൾ മറുഭാഗത്തേക്ക് നീങ്ങുകയും, കൂടുതൽ ലങ് റ്റിഷ്യൂസ് ഉള്ള ഭാഗം സ്രവമുക്തമാവുകയും ചെയ്യുന്നു. തത്‌ഫലമായി അവരുടെ ഓക്സിജനേഷന്റെ ഫലസിദ്ധി വർധിക്കുന്നു. 

ARDS ബാധിതർക്കും ആശ്വാസം പ്രോണിങ് 

ARDS എന്നറിയപ്പെടുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ്സ് സിൻഡ്രം എന്ന ശ്വാസകോശരോഗത്തിനും 'പ്രോണിങ്' ഏറെ ഫലപ്രദമാണ്. കൊവിഡ് രോഗബാധിതരിൽ പലർക്കും വരുന്ന ഒരു 'കോംപ്ലിക്കേഷ'നാണ് ARDS എന്നത്. ജമാ ഇന്റർനാഷണൽ മെഡിസിനിൽ വന്ന ഒരു പഠനം സൂചിപ്പിക്കുന്നത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 40 ശതമാനത്തിനും ARDS വന്നു എന്നും, അവരിൽ 50 ശതമാനം പേരും ഈ സാഹചര്യത്തെ അതിജീവിക്കാനാകാതെ മരണപ്പെടുകയും ചെയ്തു. ARDS രോഗികൾക്ക് ആശ്വാസം പകരാനും വർഷങ്ങളായി ഡോക്ടർമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ് പ്രോണിങ് എന്ന ടെക്നിക്. 

what is proning technique that helps the suffocating covid 19 patients

എന്നാൽ തുടർച്ചയായി കമഴ്ന്നു കിടക്കുമ്പോൾ തൊലിപ്പുറമേ ഉണ്ടാകുന്ന ആഘാതം കാരണം ശയ്യാവ്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒപ്പം, ചില രോഗികളിൽ ഘടിപ്പിച്ചിട്ടുള്ള എൻഡോട്രാക്കിയൽ ട്യൂബ് ഇളകി വരാനുള്ള സാധ്യതയും ഈ പൊസിഷനിൽ അധികമാണ്. അതുമാത്രമല്ല, ഈ അവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് ഹൃദയസ്തംഭനം വന്നാൽ, സിപിആർ നടത്താൻ വളരെ പ്രയാസമാവുകയും ചെയ്യും. എന്തായാലും, 'പ്രോണിങ്ങും' കൊവിഡ് രോഗികളുടെ രോഗാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റവും ഗവേഷണവിധേയമാക്കിക്കൊണ്ടുള്ള വിശദമായ പഠനങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നടന്നുവരുന്നതേയുള്ളൂ. 

Latest Videos
Follow Us:
Download App:
  • android
  • ios