കൊവിഡ് കാലത്ത് പബ്ലിക് ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം!
മാസ്‌ക് ധരിക്കലും, ഇടവിട്ട് കൈകള്‍ വൃത്തിയാക്കലും സാമൂഹികാകലം പാലിക്കലുമെല്ലാം മുടക്കം വരാതെ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇക്കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചിലത് കൂടിയുണ്ട്. അത്തരത്തിലൊന്നിനെ കുറിച്ചാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്
കൊവിഡ് 19 വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് ഇപ്പോഴും മിക്ക രാജ്യങ്ങളും. ഇന്ത്യയിലാണെങ്കില്‍ നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യവുമാണുള്ളത്. ഈ ഘട്ടത്തില്‍ രോഗവ്യാപനം തടയുന്നതിന് കൈക്കൊള്ളാവുന്ന പരമാവധി മാര്‍ഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്.
മാസ്‌ക് ധരിക്കലും, ഇടവിട്ട് കൈകള്‍ വൃത്തിയാക്കലും സാമൂഹികാകലം പാലിക്കലുമെല്ലാം മുടക്കം വരാതെ ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇക്കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചിലത് കൂടിയുണ്ട്. അത്തരത്തിലൊന്നിനെ കുറിച്ചാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് കാലത്ത് പബ്ലിക് ടോയ്‌ലെറ്റുകള്‍, അതുപോലെ ഓഫീസ് ടോയ്‌ലറ്റുകള്‍ എന്നിവയെല്ലാം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ടോയ്‌ലെറ്റുകള്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ അതില്‍ നിന്നുള്ള വെള്ളവും അവശിഷ്ടവും തീരെ ചെറിയ കണങ്ങളായി അതിവേഗത്തില്‍ പുറത്തേക്ക് തെറിക്കുന്നുണ്ട്.
പലപ്പോഴും ഇത് നമ്മുടെ കാഴ്ചയില്‍ പതിയില്ല. ഇവ വായുവില്‍ തങ്ങിനില്‍ക്കാനും, വായുവിലൂടെ അല്‍പദൂരമെങ്കിലും സഞ്ചരിക്കാനുമെല്ലാം ഇടയാകുന്നു. ഈ മഹാമാരിയുടെ കാലത്ത്, ആരിലാണ് രോഗാണുവുള്ളതെന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റില്‍ നിന്ന് പുറത്തെത്തുന്ന കണികകളില്‍ രോഗമുണ്ടാക്കുന്ന വൈറസ് ഇല്ലെന്ന് ആര്‍ക്കും ഉറപ്പ് പറയാനാകില്ല.
അങ്ങനെ സംഭവിച്ചാല്‍, ആ വായു നമ്മള്‍ ശ്വസിക്കുന്നതിലൂടെ നമുക്കും രോഗബാധയുണ്ടായേക്കാം എന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൈനയിലെ 'യാംങ്‌സൂ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മുമ്പ് കൊറോണ വൈറസ് വായുവിലൂടെ പകരുന്നതുമായി ബന്ധപ്പെട്ട് പല പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
വായുവിലൂടെ വൈറസ് പകരുന്നതിന് കൃത്യമായ തെളിവുകളില്ലെങ്കിലും ഈ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പോലും വ്യക്തമാക്കിയിട്ടുണ്ട്. ഉറവിടമറിയാത്ത കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സാധ്യതകളെല്ലാം നമ്മള്‍ പരിഗണിച്ചേ പറ്റൂ.
അതിനാല്‍ കഴിയുന്നതും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ കഴിയുന്നതും വ്യക്തി ശുചിത്വം കാത്തുസൂക്ഷിക്കുക, വസ്ത്രങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കുക എന്നിവയെല്ലാം കരുതലായി ചെയ്യാവുന്നതാണ്.
നിര്‍ബന്ധമായ ഘട്ടങ്ങളില്‍ ഒഴികെ പബ്ലിക് ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുകയും അരുത്. ടോയ്‌ലെറ്റിനകത്ത് നിന്ന് പുറത്തേക്ക് തെറിക്കുന്ന കണികകള്‍ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലുമെല്ലാം എത്താന്‍ സാധ്യതയുണ്ട്. ഇത് മുഖേനയും രോഗബാധയുണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നുമുണ്ട്. അതിനാലാണ് പബ്ലിക് ടോയ്‌ലെറ്റ് ഉപയോഗം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത്.
Also Read:- കൊവിഡ് 19; ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോഴും ചിലത് ശ്രദ്ധിക്കാനുണ്ടെന്ന് വിദഗ്ധര്‍...