ഹൃദയമിടിപ്പിന് വ്യതിയാനം, ലക്ഷങ്ങളുടെ ചികിത്സ വേണം; അട്ടപ്പാടിയിൽ നിന്ന് നവജാത ശിശുവുമായി പാഞ്ഞു, പുനര്‍ജന്മം!

നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക എച്ച്.എഫ്.ഒ.വി. വെന്റിലേറ്റര്‍ സൗകര്യവും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. 

Thrissur Medical College successfully performed inhaled nitric oxide treatment and saved a newborn baby

പാലക്കാട്: ഗര്‍ഭാവസ്ഥയില്‍ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാല്‍ ജനന തീയതിയ്ക്ക് മുന്‍പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക എച്ച്.എഫ്.ഒ.വി. വെന്റിലേറ്റര്‍ സൗകര്യവും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. വിദഗ്ധ ചികിത്സ നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി സങ്കീര്‍ണമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ഉടന്‍ തന്നെ കുഞ്ഞിനെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. രണ്ട് ശ്വാസകോശങ്ങളിലും ട്യൂബ് ഇട്ടാണ് വിദഗ്ധ പരിചരണമൊരുക്കിയത്. എസ്.എന്‍.സി.യു.വിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൂന്നാഴ്ചയിലേറെ നീണ്ട തീവ്രപരിചരണത്തിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനായത്. പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

രാജ്യത്ത് തന്നെ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി വരുന്നു. 11 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ജന്മനായുള്ള കുഞ്ഞുങ്ങളുടെ ഹൃദ്രോഗം പരിഹരിക്കുന്നതിന് ഹൃദ്യം, കുട്ടികളുടെ ചികിത്സയ്ക്കായുള്ള ആരോഗ്യ കിരണം, ശലഭം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ജനന സമയത്തുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ അവസ്ഥ മനസിലാക്കി തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആരംഭിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. രാധിക, ആര്‍.എം.ഒ. ഡോ. ഷാജി അബു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത് കുമാര്‍, നിയോനേറ്റോളജിസ്റ്റ് ഡോ. ഫെബി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ഏകോപിപ്പിച്ചത്.

Read More : ആകെ 10 പേർ, 10ഉം വിജയം, 57കാരന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂർത്തിയായി; അഭിമാനമായി മെഡിക്കൽ കോളേജുകൾ

Latest Videos
Follow Us:
Download App:
  • android
  • ios