നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? മുപ്പതുകളിലെ ഈ സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്...
ഇന്ന് ചെറുപ്പക്കാരിലും ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരുന്നു. മുപ്പതുകളില്‍, നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? അറിയാം ചില സൂചനകള്‍...
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്‍റെ പ്രധാന ധര്‍മ്മം. അതുകൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. ഹൃദ്രോഗം മുന്‍കൂട്ടി അറിയാന്‍ പ്രയാസമാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയായിരിക്കും ഹൃദ്രോഗ ലക്ഷണങ്ങള്‍ പ്രകടമാവുക. അത് ചിലപ്പോള്‍ അപകടങ്ങളിലേക്കും നയിച്ചേക്കും.
ഇന്ന് ചെറുപ്പക്കാരിലും ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരുന്നു. മുപ്പതുകളില്‍, നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? അറിയാം ചില സൂചനകള്‍...
ഒന്ന്...
നെഞ്ചില്‍ അനുഭവപ്പെടുന്ന ഏതു തരത്തിലുള്ള അസ്വസ്ഥതകളും ശ്രദ്ധിക്കേണ്ടതാണ്. നെഞ്ച് വേദന, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക, നെഞ്ചിലെ പേശികള്‍ ശക്തമായി വലിയുന്നപോലെ അനുഭവപ്പെടുക..തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍, ഒരു ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്. കാരണം നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നുള്ളതിന്റെ ഏറ്റവും ആദ്യത്തേ സൂചനയും അടയാളവും ആണ് നെഞ്ചിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന.
രണ്ട്...
ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവ പല കാരണങ്ങള്‍ കൊണ്ടുവരാം. ചിലപ്പോള്‍ കഴിക്കുന്ന ഭക്ഷണം മൂലമാകാം. എന്നാല്‍ അതല്ലാതെ, മുപ്പതുകളില്‍ ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയവ എപ്പോഴും ഉണ്ടാകുന്നെങ്കില്‍, ഒരു ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. ചിലപ്പോള്‍ അത് നിങ്ങളുടെ മോശം ഹൃദയാരോഗ്യത്തെ ആയിരിക്കും സൂചിപ്പിക്കുന്നത്.
മൂന്ന്...
തൊണ്ട അല്ലെങ്കിൽ താടിയെല്ല് ഇവ രണ്ടും ഒരു വിധത്തിലും ഹൃദയവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അല്ല. പേശി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ, ജലദോഷം എന്നിവയൊക്കെ ഉണ്ടാവുമ്പോഴാണ് ഇവടെ വേദനയും അസ്വസ്ഥതകളും ഒക്കെ ഉണ്ടാകുന്നത് . എന്നാൽ നിങ്ങളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് നിന്ന് തൊണ്ടയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വിധത്തിൽ വേദനയോ സമ്മർദ്ദമോ അനുഭവപ്പെട്ടാൽ അത് ഒരു പക്ഷേ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
നാല്...
അമിതമായ തളര്‍ച്ച പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. എന്നാല്‍ മുന്‍പ് സാധാരണ രീതിയിൽ ചെയ്തിരുന്ന ഏതെങ്കിലും കാര്യങ്ങൾ ഇപ്പോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതകളും ക്ഷീണവും ഒക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കാം. പടികൾ ചവിട്ടി കയറുമ്പോഴും, എന്തെങ്കിലും സാധനങ്ങൾ എടുത്തു ഉയർത്തുമ്പോഴും ഒക്കെ എന്തെങ്കിലും അസ്വസ്ഥതയോ തളര്‍ച്ചയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. അതുപോലെ, തലചുറ്റലും ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്.
അഞ്ച്...
നിങ്ങൾ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമാം വിധം ഉച്ചത്തിലുള്ള കൂർക്കംവലി - അതായത് വീർപ്പുമുട്ടും ശ്വാസതടസവും ഉള്ള പോലെയുള്ള കൂർക്കം വലി ഉണ്ടെങ്കില്‍, ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. കാരണം, ഇത് നിങ്ങളുടെ ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഉറക്കത്തിലുള്ള ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇത് ഉയർത്തുന്നുവെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
Also Read: നിങ്ങളുടെ കരള്‍ അപകടത്തിലാണോ? അറിയാം ഈ ലക്ഷണങ്ങള്‍...