Covid Wave : ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ പുതിയ കൊവിഡ് തരംഗത്തിന് കാരണമാകുമോ?
'ഡെല്‍റ്റ'യെക്കാള്‍ മൂന്നിരട്ടിയിലധികേ വേഗതയില്‍ 'ഒമിക്രോണ്‍' രോഗവ്യാപനം നടത്തി. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളം തന്നെ രൂക്ഷമായിരുന്നില്ല ഒമിക്രോണ്‍. ഇതിന് ശേഷം ഒമിക്രോണിന് ഉപവകഭേദങ്ങളും വന്നു. ബിഎ.2, ബിഎ.3, ഇപ്പോള്‍ ബിഎ.4, ബിഎ.5 എന്നിങ്ങനെ പല ഉപവകഭേദങ്ങള്‍ ഒമിക്രോണിനുണ്ടായി
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ ( Covid 19 restrictions ) നിന്ന് നാമിനിയും പൂര്‍ണമായും കരകയറിയിട്ടില്ല. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി വാക്‌സിനെത്തിയെങ്കിലും ( Covid Vaccine ) ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants ) പലവിധത്തിലുള്ള വെല്ലുവിളികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യതരംഗത്തില്‍ നിന്ന് തീര്‍ത്തും മാറി അതിശക്തമായ രീതിയിലാണ് രണ്ടാംതരംഗമെത്തിയത്. 'ഡെല്‍റ്റ' എന്ന വൈറസ് വകഭേദമായിരുന്നു ഇതിന് കാരണമായത്. രോഗവ്യാപന ശേഷി കൂടുതലായതിനാലാണ് 'ഡെല്‍റ്റ' ശക്തമായ തരംഗത്തിന് കാരണമായത്.
'ഡെല്‍റ്റ'യ്ക്ക് ശേഷമെത്തിയ 'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദവും വേഗതയില്‍ രോഗവ്യാപനം നടത്താന്‍ ശേഷിയുള്ളതായിരുന്നു. 'ഡെല്‍റ്റ'യെക്കാള്‍ മൂന്നിരട്ടിയിലധികേ വേഗതയില്‍ 'ഒമിക്രോണ്‍' രോഗവ്യാപനം നടത്തി. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളം തന്നെ രൂക്ഷമായിരുന്നില്ല ഒമിക്രോണ്‍.
ഇതിന് ശേഷം ഒമിക്രോണിന് ഉപവകഭേദങ്ങളും വന്നു. ബിഎ.2, ബിഎ.3, ഇപ്പോള്‍ ബിഎ.4, ബിഎ.5 എന്നിങ്ങനെ പല ഉപവകഭേദങ്ങള്‍ ഒമിക്രോണിനുണ്ടായി. ഇവയെല്ലാം തന്നെ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വേഗതയും ശക്തിയും ഉള്ളവരാണെന്നതാണ് പ്രത്യേകത.
2021 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ഇവിടെ ഒമിക്രോണ്‍ സംബന്ധിച്ച കൂടുതല്‍ പഠനങ്ങളും നടന്നുവരികയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയൊരു പഠനറിപ്പോര്‍ട്ട് പ്രകാരം, ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ നേരത്തെ കൊവിഡ് ബാധ വന്നത് മൂലം രോഗികള്‍ ആര്‍ജിച്ചെടുത്ത പ്രതിരോധശേഷി തകര്‍ക്കും. ഇത് ക്രമേണ കാര്യമായ രീതിയിലേക്ക് രോഗവ്യാപനം എത്തിക്കുമെന്നും പുതിയ കൊവിഡം തരംഗങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
രാജ്യം കൊവിഡ് നാലാം തരംഗത്തിലേക്കുള്ള സാധ്യതകള്‍ വിലയിരുത്തുന്ന സാഹചര്യമാണിത്. എപ്പോള്‍ വേണമെങ്കിലും നാലാം തരംഗത്തിലേക്ക് നാം കടക്കാം. അതിന്റെ തീവ്രത സംബന്ധിച്ച് ഒന്നും തന്നെ പ്രവചിക്കുകയും സാധ്യമല്ല.
ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന പുറത്തുവന്നിരിക്കുന്ന പഠനറിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ട്. ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ ചുരുങ്ങിയത് മൂന്ന് മാസത്തേക്കെങ്കിലും രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ആന്റിബോഡികള്‍ ഉണ്ടായിരിക്കും. എന്നാല്‍ പുതിയ പഠനം പറയുന്നതാണ് ശരിയെങ്കില്‍, ഈ മൂന്ന് മാസത്തെ കാലാവധി നിലനിന്നേക്കില്ല. അങ്ങനെ വരുമ്പോള്‍ ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ തന്നെ ഇടവേളയില്ലാതെ വീണ്ടും കൊവിഡ് ബാധിക്കാം.
ഇത് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കാനും രോഗവ്യാപനം വലിയ തോതിലെത്തിക്കാനും ഇടയാക്കാം. അങ്ങനെ മറ്റൊരു കൊവിഡ് തരംഗം കൂടി സംഭവിച്ചേക്കാം. അതേസമയം വാക്‌സിനെടുത്തവരില്‍ ബിഎ.4, ബിഎ.5 അത്ര പെട്ടെന്ന് ബാധിക്കുന്നില്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അതായത് വാക്‌സിന്‍ മുഖേന ലഭിക്കുന്ന പ്രതിരോധശക്തി പിന്നെയും ഫലപ്രദമായി വൈറസിനെ ചെറുക്കുന്നുണ്ടെന്ന് സാരം.
ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് പരോക്ഷമായി പഠനം സൂചിപ്പിക്കുന്നത്. രോഗവ്യാപനം കാര്യമായി വര്‍ധിക്കുന്ന അവസ്ഥയിലാണ് പുതിയ വൈറസ് വകഭേദങ്ങള്‍ രൂപപ്പെടുന്നത് എന്ന വിദഗ്ധരുടെ വിലയിരുത്തലുകളും ഈ ഘട്ടത്തില്‍ ആശങ്ക സൃഷ്ടിക്കുന്നു.
Also Read:- കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം?