'കൊവിഡ് 19 പകരുന്നത് അധികവും വീട്ടിനകത്ത് വച്ച്'; പഠനം പറയുന്നു...

ദക്ഷിണ കൊറിയയില്‍ നിന്നുള്ള, പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരുകൂട്ടം വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു

study claims that people more likely to contract covid 19 at home

ആശങ്കപ്പെടുത്തും വിധമാണ് കൊവിഡ് 19 രോഗവ്യാപനം തുടരുന്നത്. പരമാവധി രോഗികളുടെ എണ്ണം കുറയ്ക്കാനായി ആളുകള്‍ വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. എന്നാല്‍ ഇതുകൊണ്ട് രോഗവ്യാപനം പരിപൂര്‍ണ്ണമായി തടയാനാകുമോ? പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങളാണ്. 

അതായത്, രോഗവ്യാപനം തടയുന്നതിനായി മിക്കവരും വീടിന് പുറത്തേക്ക് പോകുന്നില്ല. എന്നാല്‍ വീട്ടിനകത്ത് തന്നെ തുടരുമ്പോഴും ആളുകള്‍ അത്രമാത്രം സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നാണ് ഈ പഠനം പറയുന്നത്. 

ദക്ഷിണ കൊറിയയില്‍ നിന്നുള്ള, പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരുകൂട്ടം വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. 

രോഗം വരാതിരിക്കാന്‍ അധികം പേരും വീട്ടില്‍ തന്നെ തുടരുന്നു. എന്നാല്‍ രണ്ടിലധികം പേരുള്ള വീടുകളില്‍ ആര്‍ക്കെങ്കിലും പുറത്തുനിന്ന് രോഗം കിട്ടുന്നതോടെ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്ക് മുഴുവനും രോഗം കിട്ടുന്നു. ഇത്തരത്തിലുള്ള രോഗവ്യാപനത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ ചുരുക്കം.

നൂറില്‍ രണ്ട് പേര്‍ക്ക് വീടിന് പുറത്തുനിന്ന്, അറിയാത്തൊരു ഉറവിടത്തില്‍ നിന്ന് രോഗം കിട്ടുമ്പോള്‍, പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ രോഗപ്പകര്‍ച്ചയുണ്ടാകുന്നത് വീട്ടിനകത്ത് വച്ചാണ് എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഒന്നിച്ച് ഒരു സംഘത്തിന് ആകെയും രോഗം പിടിപെടുന്ന സാഹചര്യം വീട്ടിനകത്താണ് അധികവും നിലനില്‍ക്കുന്നതെന്ന് സാരം.

ഇതോടൊപ്പം തന്നെ വീട്ടിനകത്ത് വച്ച് രോഗം പകര്‍ന്നുകിട്ടുന്നവരുടെ പ്രായവും വലിയ ഘടകമാണെന്ന് പഠനം അവകാശപ്പെടുന്നു. കൗമാരക്കാര്‍ക്കും അറുപതുകളിലുള്ളവര്‍ക്കുമാണ് വീട്ടിലെ അംഗങ്ങളില്‍ നിന്ന് അധികവും കൊവിഡ് രോഗം പകര്‍ന്നുകിട്ടുന്നതെന്നും ഒരുപക്ഷേ കുടുംബത്തിനകത്ത് മറ്റുളളവരെ ആശ്രയിച്ച് എപ്പോഴും നില്‍ക്കുന്ന രണ്ട് വിഭാഗം ഇവരാണെന്നതിനാല്‍ ആകാം ഇത് എന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വാദിക്കുന്നു. അതുപോലെ ചെറിയ കുട്ടികളിലാണെങ്കില്‍ അധികവും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Also Read:- പിഞ്ചുകുഞ്ഞിന് വേണ്ടി ആയിരം കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന മുലപ്പാല്‍...

Latest Videos
Follow Us:
Download App:
  • android
  • ios