Asianet News MalayalamAsianet News Malayalam

നിങ്ങളുടെ കുട്ടിയ്ക്ക് ഐ ക്യൂ കൂടുതലാണോ? 12 ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

നിങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ അവരോട് ഏത് സമയത്ത് ചോദിച്ചാലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവർ അതിന് മറുപടി നൽകുന്നുണ്ടെങ്കിൽ അവർക്ക് നല്ല ഓർമ്മശക്തി ഉണ്ടെന്നു തന്നെയാണ്. ഇത്തരത്തിൽ ഓർമ്മശക്തി കൂടുതൽ കാണുന്നുണ്ടെങ്കിൽ അവർക്ക് ബുദ്ധി നല്ലതുപോലെ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.

signs of high iq in children
Author
First Published Oct 8, 2024, 11:50 AM IST | Last Updated Oct 8, 2024, 12:00 PM IST

നിങ്ങളുടെ കുഞ്ഞിന് ഉയർന്ന ഐ ക്യു ലെവൽ ഉണ്ടോ? ഉണ്ടെങ്കിൽ കുട്ടികളിൽ കാണുന്ന 12 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം. 

വളർന്ന് വരുന്ന നിങ്ങളുടെ കുട്ടി മറ്റ് കുട്ടികളെ അപേക്ഷിച്ച് ബുദ്ധിമാനാണോ? ഐ ക്യൂ കൂടുതലാണോ ?. എങ്ങനെ തിരിച്ചറിയാം. പ്രധാനമായും രണ്ട് മാർഗങ്ങളാണ് അതിനുള്ളത്. ഒന്ന് മനശാസ്ത്രജ്ഞരുടെ സേവനം തേടി ഐക്യൂ ടെസ്റ്റ് നടത്തിക്കഴിഞ്ഞാൽ തിരിച്ചറിയാൻ കഴിയും. അതായത് ഇൻറലിജൻസ് ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ കുട്ടികൾക്ക് ബുദ്ധിശക്തി എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും.

രണ്ടാമത്തേത് മാതാപിതാക്കൾക്ക് മക്കളെ നിരീക്ഷിച്ചുകൊണ്ട് സ്വയം തിരിച്ചറിയാൻ കഴിയും. അതിനായി കുട്ടികളുടെ വളർച്ച കാലഘട്ടം, പെരുമാറ്റം, പ്രവർത്തി എന്നീ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റു കുട്ടികളെ അപേക്ഷിച്ച്  കുട്ടിക്ക് ബുദ്ധിശക്തിയും കഴിവും കൂടുതൽ ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.

നിങ്ങളുടെ കുട്ടി ബുദ്ധിമാൻ ആണോ 12 ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ....

 12 ലക്ഷണങ്ങളിൽ രണ്ടോ അതിലധികമോ കഴിവ്  നിങ്ങളുടെ കുട്ടികൾ  പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ  ബുദ്ധി കൂടുതൽ ഉള്ളതിന്റെ ലക്ഷണമാണ്. 

1) വളർച്ച കാലഘട്ടം നേരത്തെ പൂർത്തിയാക്കുക

കുട്ടികൾക്ക് ബുദ്ധി കൂടുതൽ ഉള്ളതിന്റെ ആദ്യത്തെ ലക്ഷണമാണ്  അവരുടെ വളർച്ച കാലഘട്ടം പെട്ടെന്ന് പൂർത്തിയാകും. സാധാരണ ഒരു കുട്ടി നാലുമാസം ആകുമ്പോഴേക്കും കഴുത്തുറക്കും എട്ടുമാസം ആകുമ്പോഴേക്കും നടക്കാൻ തുടങ്ങും ഒന്നര വയസ്സ് ആകുമ്പോഴേക്കും നല്ലതുപോലെ ഓടുവാനും ചാടുവാനും  സംസാരിക്കുവാനുമെല്ലാം പഠിക്കും. നിങ്ങളുടെ കുട്ടി മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളർച്ച കാലഘട്ടം നേരത്തെ പൂർത്തിയാക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് ബുദ്ധിശക്തി കൂടുതലാണ്  .

2 ഫാസ്റ്റ് ലേണിങ്

നിങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ അവർ പഠിക്കുന്നുണ്ടോ (ഫാസ്റ്റ് ലേണിങ് )?

മറ്റു കുട്ടികളെ അപേക്ഷിച്ചു നിങ്ങളുടെ കുട്ടികൾക്ക്  പറഞ്ഞുകൊടുക്കുന്ന പാട്ടുകളും കഥകളും കവിതകളും വാക്കുകളുമെല്ലാം വളരെ വേഗത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ബുദ്ധി കൂടുതൽ ഉള്ളതിന്റെ ലക്ഷണമാണ്.

3) ഓർമ്മശക്തി

നിങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങൾ അവരോട് ഏത് സമയത്ത് ചോദിച്ചാലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവർ അതിന് മറുപടി നൽകുന്നുണ്ടെങ്കിൽ  അവർക്ക് നല്ല ഓർമ്മശക്തി ഉണ്ടെന്നു തന്നെയാണ്. ഇത്തരത്തിൽ ഓർമ്മശക്തി കൂടുതൽ കാണുന്നുണ്ടെങ്കിൽ  അവർക്ക് ബുദ്ധി നല്ലതുപോലെ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്.

4) വായന

ബുദ്ധിപരമായി മുന്നിൽ നിൽക്കുന്ന കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് വളരെ വേഗത്തിൽ തന്നെ വായിക്കാൻ തുടങ്ങും. സാധാരണ ഒരു കുട്ടി നല്ലതുപോലെ വായിക്കാൻ ആരംഭിക്കുന്നത് ഏഴ് വയസ്സ് ഉള്ളപ്പോഴാണ് എന്നാൽ ബുദ്ധിപരമായി മുന്നിൽ നിൽക്കുന്ന കുട്ടി അതിനു മുൻപേ പ്രത്യേകിച്ച് നാലു വയസ്സു മുതൽ കഥാപുസ്തകങ്ങളോട് കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് ബുദ്ധിശക്തിയുണ്ട് എന്നതിൻ്റെ ലക്ഷണമാണ്.

5) അമിതമായ ആകാംക്ഷ പ്രകടിപ്പിക്കുക

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കുറിച്ച്  വളരെ ആകാംക്ഷയോടെ കൂടി കുട്ടികൾ മുതിർന്നവരോട് സംശയങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അവരിൽ ബുദ്ധി ശക്തി അധികമായി ഉണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. ഇത്തരത്തിൽ മുതിർന്നവർ പോലും ചിന്തിക്കാത്ത തരത്തിലുള്ള സംശയങ്ങൾ അവരിൽ ഉണ്ടെങ്കിൽ മനശാസ്ത്ര പഠനങ്ങൾ പറയുന്നത് അവർ ബുദ്ധിയുള്ളവരാണ് എന്ന് തന്നെയാണ്.

6) സംഗീതത്തോടുള്ള താല്പര്യം

പാട്ട് പഠിക്കുവാനും പാടുവാനും പാട്ടുകൾ കേൾക്കുന്നതിനൊപ്പം അതിൻ്റെ പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതും അതിബുദ്ധിയുടെ ലക്ഷണങ്ങളാണ്. മ്യൂസിക് പഠിക്കാൻ താല്പര്യം കാണിക്കുന്ന കുട്ടികളിൽ critical thinking ഉം creative thinking ഉം കൂടുതൽ ആയിരിക്കും. അതിൻ്റെ ഫലമായി അത്തരം കുട്ടികളിൽ  കണക്ക് സയൻസ് വിഷയങ്ങളിൽ കഴിവു കൂടുതലായിരിക്കും. 

7) സ്വന്തമായി കാര്യങ്ങൾ ചെയ്യുക

അവരവരുടെ കാര്യങ്ങൾ സ്വന്തമായി ചെയ്യാനാണ് ബുദ്ധി കൂടുതലുള്ള കുട്ടികൾക്ക് ഇഷ്ടം. അത് ചെയ്തുകൊടുക്കുവാൻ പാരൻസ് ശ്രമിച്ചാൽ അത് തടയുകയും ദേഷ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ മറ്റു കുട്ടികളെ അപേക്ഷിച്ച് അവരുടെ കാര്യങ്ങൾ ഇൻഡിപെൻഡന്റ് ആയി അവർ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ മക്കൾ ബുദ്ധിയുള്ളവരാണ് .

8. മികച്ച ഏകാഗ്രത 

ചുറ്റും എത്രയൊക്കെ ബഹളങ്ങൾ ഉണ്ടായാലും നിങ്ങളുടെ കുട്ടികൾ വളരെ ഏകാഗ്രതയോടു കൂടി അവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കുന്നുണ്ടെങ്കിൽ ബുദ്ധി കൂടുതൽ ഉള്ളതിന്റെ ലക്ഷണമാണ്.

9) ആളുകളുമായി പെട്ടെന്ന് ഇടപഴകാനുള്ള കഴിവ്

പൊതുവേ ബുദ്ധി കൂടുതലുള്ള കുട്ടികൾ വളരെ പെട്ടെന്ന് തന്നെ ആളുകളുമായി ഇടപഴകും. അതുകൂടാതെ ശാസ്ത്രീയ സാംസ്കാരിക മേഖലകളിൽ എല്ലാം ഒരുപോലെ വിജയങ്ങൾ ഉണ്ടാക്കുവാൻ  ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് സാധിക്കുന്നതാണ്.

10) നേതൃത്വഗുണം (ലീഡർഷിപ്പ് ക്വാളിറ്റി)

സ്കൂളുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതുകൊണ്ട് അധ്യാപകർ അവരെ ക്ലാസ് ലീഡർ ആക്കി മാറ്റും.ഇത്തരത്തിൽ ടീച്ചേഴ്സ് അവരെ ഏൽപ്പിക്കുന്നു ഉത്തരവാദിത്വങ്ങൾ വളരെ കൃത്യതയോടെ കൂടി ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് ബുദ്ധി കൂടുതലാണ് എന്നതാണ്. ഇതുപോലെ വീടുകളിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ഞാൻ ചെയ്യാം എന്ന് സ്വയം ഏറ്റെടുത്ത് മുന്നോട്ടുവരികയും അത് കൃത്യതയോടെ കൂടി കുട്ടികൾ ചെയ്യുന്നുണ്ടെങ്കിൽ അത് ബുദ്ധിശക്തിയുടെ ലക്ഷണമായി കണക്കാക്കാം.

11) കലാകായികരംഗത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കൽ

ബുദ്ധിയുള്ള കുട്ടികൾ പഠനത്തിനൊപ്പം കല കായിക മേഖലകളിലും പ്രായത്തിനു മുകളിലുള്ള പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ടെങ്കിൽ അതും ബുദ്ധി കൂടുതലിന്റെ ലക്ഷണമാണ് .

12) സുഹൃത്തുക്കളുടെ എണ്ണത്തിൽ കുറവ്

ബുദ്ധിശക്തി കൂടുതലുള്ള കുട്ടികൾക്ക് പൊതുവേ സുഹൃത്തുക്കളുടെ എണ്ണം കുറവായിരിക്കും. ഒന്നു രണ്ടു സുഹൃത്തുക്കൾ മാത്രമായിരിക്കും ഇവർക്ക് ഉണ്ടാവുക.സൗഹൃദങ്ങളുടെ എണ്ണം കൂടുതൽ വേണമെന്ന് അവർ ആഗ്രഹിക്കുന്നില്ല സ്കൂൾ വിട്ടുകഴിഞ്ഞാൽ വീട് വിട്ടുകഴിഞ്ഞാൽ ട്യൂഷൻ ക്ലാസ് അതുപോലെ അവരുടെതായ വിനോദങ്ങൾ എന്നതിൽ മാത്രമാണ് അവർ ചിലവഴിക്കുക. എപ്പോഴും നിയന്ത്രണങ്ങൾ പാലിച്ചുള്ള സൗഹൃദമായിരിക്കും ഇവർക്ക് ഉണ്ടാവുക.

ഈ 12 ലക്ഷണങ്ങൾ നിങ്ങളുടെ മക്കളിൽ കാണുന്നുണ്ടെങ്കിൽ അവർ ബുദ്ധിയുള്ള കുട്ടികളാണ് എന്ന് നിങ്ങൾക്ക് തിരിച്ചറിയാനാകാം. അവരുടെ ഐ ക്യൂ ലെവൽ എത്രയാണെന്ന് അറിയുന്നതിന് ഒരു സൈക്കോളജിസ്റ്റിൻ്റെ സേവനം  കൂടി പ്രയോജനപ്പെടുത്തിയാൽ  നിങ്ങൾക്കത് ഉറപ്പിക്കാനാകും.

'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'

 

Latest Videos
Follow Us:
Download App:
  • android
  • ios