ഗ്ലോക്കോമയെ എങ്ങനെ തടയാം? പുതിയ പഠനം പറയുന്നത്...

ഒരു ലക്ഷണങ്ങളും കാണിക്കാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിൽസിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാക്കുകയും ചെയ്യുന്ന നേത്രരോഗമാണ് ഗ്ലോക്കോമ.

Regular eye check ups can prevent glaucoma

ഒരു ദിവസം നിങ്ങള്‍ എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്? അമിത മൊബൈൽ ഫോൺ ഉപയോഗം  കണ്ണിന്‍റെ ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്നുണ്ട് എന്ന കാര്യം ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ,  ഫോൺ ഉപയോഗിക്കുന്ന ശീലം കാഴ്ചയെ വരെ ബാധിക്കാം. കണ്ണിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്ന് പലരും അതിനെ കുറിച്ച് ജാഗ്രതരല്ല എന്നു തന്നെ പറയേണ്ടിവരും. കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ഇടയ്ക്കിടെ കണ്ണ് പരിശോധന നടത്തുന്നത് ഗ്ലോക്കോമ പോലുള്ള നേത്രരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുമെന്ന് യുകെയിലെ 'യൂണിവേഴ്സിറ്റി ഓഫ് ബ്രാഡ്ഫോഡ്' നടത്തിയ പഠനത്തില്‍ പറയുന്നു. ഒരു ലക്ഷണങ്ങളും കാണിക്കാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിൽസിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാകുകയും ചെയ്യുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. 

മിക്കവാറും ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. എന്നാൽ ചിലർക്ക് കണ്ണുവേദന, തലവേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. കണ്ണിനെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന 'ഒപ്ടിക് നേര്‍വി'നെ ബാധിക്കുന്ന നേത്രരോഗമാണ് ഇത്. 

എല്ലാ പ്രായക്കാരിലും കണ്ണിന്റെ അകത്ത് മർദ്ദം കൂടുന്ന അസുഖം അഥവാ ഗ്ലോക്കോമ വരാൻ സാധ്യതയുണ്ട്. ഗ്ലോക്കോമയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ മിക്കവാറും കാണാറില്ലാത്തതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുകയും ആവശ്യമെങ്കിൽ കാഴ്ചയുടെ 'ഫീൽഡ് ടെസ്റ്റ്', കണ്ണിലെ ഞരമ്പിന്റെ സ്‌കാൻ എന്നിവ നടത്തി ഗ്ലോക്കോമയെ ആരംഭത്തിലെ തടയാന്‍ സാധിക്കുമെന്നാണ് ഈ പഠനം പറയുന്നത്. 

രോഗം കണ്ടുപിടിക്കാനുള്ള കാലതാമസം വലിയൊരു ശതമാനം ആളുകള്‍ക്കും കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ സാധാരണയായി ഗ്ലോക്കോമ അറുപത് വയസ്സിനോടടുക്കുമ്പോഴാണ് കണ്ടുപിടിക്കപ്പെടുന്നത്. അപ്പോഴേക്കും രോഗിയുടെ കണ്ണിലെ നാഡീനാരുകള്‍ മിക്കവാറും നശിച്ചിട്ടുണ്ടാകും. അതിനാല്‍ പ്രായപരിധി ഇല്ലാതെ ചെറുപ്പക്കാരും കണ്ണ് പരിശോധന ഇടയ്ക്കിടെ നടത്തുകയാണ് വേണ്ടത് എന്നാണ് ഈ പഠനം പറഞ്ഞുവയ്ക്കുന്നത്. 

Also Read: കണ്ണിന്റെ ആരോ​ഗ്യത്തിന് വേണ്ട അഞ്ച് അവശ്യ പോഷകങ്ങൾ...

 

Latest Videos
Follow Us:
Download App:
  • android
  • ios