വൈറസ് പകരാതിരിക്കാന്‍ പുതിയ 'ഐഡിയ'യുമായി സ്‌കൂള്‍ അധികൃതര്‍

ശരീരസ്രവങ്ങളിലൂടെ, പ്രത്യേകിച്ച് തുപ്പലിലൂടെയാണ് വൈറസ് വളരെ എളുപ്പത്തില്‍ പകരുന്നത്. അതിനാല്‍ത്തന്നെ അക്കാര്യമാണ് ഏറെയും കരുതേണ്ടത്. ഈ ഘടകം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രതിരോധ മാര്‍ഗം രൂപീകരിക്കുന്നതിലേക്ക് സ്‌കൂള്‍ അധികൃതര്‍ നീങ്ങിയിരിക്കുന്നത്

plastic screens on desks at school to prevent covid spreading

ഇന്ന് ലോകത്തെയൊട്ടാകെ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോയ വര്‍ഷാന്ത്യത്തോടെ ചൈനയിലെ വുഹാനിലായിരുന്നു. ആയിരങ്ങളുടെ ജീവനാണ് ഇത് ചൈനയില്‍ മാത്രം കവര്‍ന്നെടുത്തത്. തുടര്‍ന്നങ്ങോട്ട് ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പ്- ഗള്‍ഫ് രാജ്യങ്ങളിലേക്കുമെല്ലാം കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചു. ഒരുപക്ഷേ ഉറവിടകേന്ദ്രമായ ചൈനയെക്കാള്‍ വലിയ തിരിച്ചടികള്‍ മറ്റ് രാജ്യങ്ങള്‍ നേരിട്ടു. 

ഇന്നിതാ രോഗത്തിന്റെ തീവ്രതയില്‍ നിന്ന് പതിയെ മോചിപ്പിക്കപ്പെടുകയാണ് ചൈന. വുഹാനിലാണെങ്കില്‍ ആളുകള്‍ സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ്. അപ്പോഴും ആശങ്കകള്‍ പൂര്‍ണ്ണമായി അകന്നിട്ടില്ല. അതുകൊണ്ടുതന്നെ കാര്യമായ മുന്നൊരുക്കങ്ങളോടെയും പ്രതിരോധമാര്‍ഗങ്ങളുടെ സജ്ജീകരണങ്ങളോടെയുമാണ് ഓരോ മേഖലയും സജീവമാകാനൊരുങ്ങുന്നത്. 

അത്തരത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ വുഹാനിലെ ചില സ്‌കൂളുകള്‍ കൈക്കൊണ്ട ഒരു മാര്‍ഗം ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മാസ്‌കും സാമൂഹികാകലവും നിര്‍ബന്ധമായും പാലിക്കുന്നതിനൊപ്പം തന്നെ ക്ലാസ് മുറികളില്‍ വച്ച് രോഗം പകരാതിരിക്കാന്‍ കുട്ടികളുടെ ഡെസ്‌കുകള്‍ക്ക് മുകളില്‍ 'പ്ലാസ്റ്റിക് സ്‌ക്രീന്‍' സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. 

ഒരു മീറ്റര്‍ വ്യത്യാസത്തില്‍ ക്രമീകരിച്ച ഇരിപ്പിടങ്ങളും ഡെസ്‌കുകളും. ഡെസ്‌കിന് മുകളില്‍ 'പ്ലാസ്റ്റിക് സ്‌ക്രീന്‍'. ഈ സ്‌ക്രീന്‍ ഇരിക്കുന്ന കുട്ടികളുടെ തലയ്ക്ക് തൊട്ടുമുകളില്‍ വരെ ഉയരം വരുന്നതാണ്. 

Also Read:- കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

ശരീരസ്രവങ്ങളിലൂടെ, പ്രത്യേകിച്ച് തുപ്പലിലൂടെയാണ് വൈറസ് വളരെ എളുപ്പത്തില്‍ പകരുന്നത്. അതിനാല്‍ത്തന്നെ അക്കാര്യമാണ് ഏറെയും കരുതേണ്ടത്. ഈ ഘടകം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രതിരോധ മാര്‍ഗം രൂപീകരിക്കുന്നതിലേക്ക് സ്‌കൂള്‍ അധികൃതര്‍ നീങ്ങിയിരിക്കുന്നത്. ഒരു പരിധി വരെ വൈറസ് വ്യാപനത്തെ തടയാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios