വായിലെ അർബുദം ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
നിരന്തരമായ മദ്യപാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വായയുടെ ശുചിത്വക്കുറവ് വായിലെ കാൻസറിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.
മറ്റ് അർബുദങ്ങളെ പോലെ അപകടകാരിയാണ് ഓറൽ കാൻസർ (Oral Cancer) അഥവാ വായിലെ അർബുദം. തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നത്. ചിലർ ലക്ഷണങ്ങൾ കണ്ടാൽ പോലും അവ അവഗണിക്കാറാണ് പതിവ്.
രോഗം വരുന്നത് തടയാൻ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. പുകയില ഉപയോഗം, മദ്യപാനം, എച്ച്പിവി അണുബാധ എന്നിവയെല്ലാമാണ് വായിലെ അർബുദം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ലോകത്തിലെ ഏറ്റവും സാധാരണമായ പത്ത് അർബുദങ്ങളിൽ ഒന്നായി ഓറൽ കാൻസർ അറിയപ്പെടുന്നു. അമേരിക്കയിൽ ഏകദേശം 55 നും 75 നും ഇടയിൽ പ്രായമുള്ളവരിലാണ് വായിലെ കാൻസർ കൂടുതലായി കാണുന്നത്. നേരെമറിച്ച്, ഇന്ത്യയിൽ 40 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരിരിലാണ് ഓറൽ കാൻസർ കൂടുതലായി കാണുന്നതെന്ന് വിദഗ്ധർ പറയുന്നു.
വായിലെ ചില ഭാഗങ്ങളിൽ സാധാരണയായി ചുണ്ടുകൾ, നാവ് എന്നിവിടങ്ങളിലാണ് ഓറൽ കാൻസർ ഉണ്ടാകുന്നത്. ചുണ്ടിലെ വ്രണം, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിലെ മുഴ, സംസാരത്തിലെ മാറ്റം, വായിൽ മരവിപ്പ്, രക്തസ്രാവം എന്നിവ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്. നാക്കിലോ മോണയിലോ വായിലോ വെള്ളയോ ചുവപ്പോ പാടുകൾ കാണുന്നതും മറ്റ് ലക്ഷണങ്ങളാണ്.
നിരന്തരമായ മദ്യപാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വായയുടെ ശുചിത്വക്കുറവ് വായിലെ കാൻസറിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. പോഷകാഹാരക്കുറവ്, അൾട്രാവയലറ്റ് രശ്മികൾ, റേഡിയേഷൻ എന്നിവയും വായിലെ അർബുദം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
വായിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്...
ഒന്ന്...
വായിലെ അർബുദങ്ങളിൽ 90 ശതമാനവും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് വായിലെ കാൻസർ വരാനുള്ള സാധ്യത 10 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പുകവലി മറ്റ് 12-ലധികം തരത്തിലുള്ള കാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി ശീലം ഒഴിവാക്കുന്നത് അർബുദ സാധ്യത മാത്രമല്ല മറ്റ് രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
രണ്ട്...
ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന അണുബാധ ഒഴിവാക്കുക. ഇത് അപകട ഘടകങ്ങളിലൊന്നായതിനാൽ, എച്ച്പിവി അണുബാധ തടയുന്നതാണ് നല്ലത്. ഇത് എച്ച്പിവി വാക്സിൻ എടുക്കുന്നതിലൂടെ തടയാനാകും. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരിൽ ഈ അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
മൂന്ന്...
ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മസാലകളും മുളകുകളും അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് കാൻസർ മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
നാല്...
വായയുടെ ശുചിത്വം കാത്ത് സൂക്ഷിക്കുക എന്നതാണ് മറ്റൊരു കാര്യം. ദിവസേന രണ്ട് തവണ ബ്രഷ് ചെയ്യാനും ഫ്ലോസ് ചെയ്യാനും മറക്കരുത്. വെളുത്ത അല്ലെങ്കിൽ ചുവന്ന പാടുകൾ ഉണ്ടോയെന്ന് ഇടയ്ക്കിടെ വായിൽ പരിശോധിക്കുന്നത് കൂടുതൽ നല്ലതാണ്.
Read more തേനിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ് ?
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.