Long Covid : കൊവിഡ് വന്ന് ഭേദമായ ശേഷം ശ്രദ്ധിക്കേണ്ട ചിലത്...

ഏറ്റവും സാധാരണമായി കാണപ്പെടുന്ന 'ലോംഗ് കൊവിഡ്' ലക്ഷണങ്ങളെ കുറിച്ചെങ്കിലും നാം അറിയേണ്ടതുണ്ട്. അത്തരത്തില്‍ യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' പട്ടികപ്പെടുത്തിയ ലോംഗ് കൊവിഡിന്റെ നാല് സാധാരണ ലക്ഷണങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു

know these most common long covid symptoms

കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗമാണിപ്പോള്‍ ( Third Wave ) തുടരുന്നത്. നേരത്തെ ഡെല്‍റ്റ എന്ന വൈറസ് വകഭേദമാണ് ( Delta Variant ) രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗം സൃഷ്ടിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. 

ഇതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിവുള്ള ഒമിക്രോണ്‍ എന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ മൂന്നാം തരംഗത്തിലേക്ക് നമ്മെ നയിച്ചിരിക്കുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ പ്രക്രിയ ഏറെ ദുരം പോയതിനാലും രോഗതീവ്രത കുറവായ വൈറസ് വകഭേദമാണ് വ്യാപകമായിട്ടുള്ളത് എന്നതിനാലും രണ്ടാം തരംഗം സൃഷ്ടിച്ച അത്ര തന്നെ ഭീകരത ഈ തരംഗത്തിനില്ല എന്നതാണ് സത്യം. 

എങ്കിലും അപകടഭീഷണി നമ്മെ വിട്ടൊഴിയുന്നില്ല. രോഗം ബാധിക്കുന്നതിനോളം തന്നെ പ്രധാനമാണ് രോഗം ബാധിച്ച ശേഷവും നീണ്ടുനില്‍ക്കുന്ന ശാരീരിക- മാനസിക വിഷമതകളെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണ് ഈ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്നത്. 

അതായത് കൊവിഡ് രോഗം ഭേദമായതിന് ശേഷവും രോഗികളായിരുന്നവരെ വിട്ടുമാറാതെ പിടിക്കുന്ന ഒരുകൂട്ടം ശാരീരിക- മാനസിക പ്രശ്‌നങ്ങളാണ് 'ലോംഗ് കൊവിഡ്'. പലര്‍ക്കും ഇതെക്കുറിച്ച് വേണ്ട അവബോധമില്ലാത്തതിനാല്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുമുണ്ട്. 

know these most common long covid symptoms

ഏതാണ്ട് നൂറിലധികം പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ 'ലോംഗ് കൊവിഡി'ന്റെ ഭാഗമായി വരാമെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. എല്ലാ രോഗികളിലും എല്ലാ വിഷതമകളും കാണണമെന്നില്ല. എന്നാല്‍ എല്ലാവരിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കാം. അത് രോഗിയുടെ ആരോഗ്യാവസ്ഥ, പ്രായം തുടങ്ങി പല ഘടകങ്ങളെയും അപേക്ഷിച്ചിരിക്കുന്നു. 

എന്തായാലും ഏറ്റവും സാധാരണമായി കാണപ്പെടുന്ന 'ലോംഗ് കൊവിഡ്' ലക്ഷണങ്ങളെ കുറിച്ചെങ്കിലും നാം അറിയേണ്ടതുണ്ട്. അത്തരത്തില്‍ യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' പട്ടികപ്പെടുത്തിയ ലോംഗ് കൊവിഡിന്റെ നാല് സാധാരണ ലക്ഷണങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു...

ഒന്ന്...

വൈറല്‍ അണുബാധകളില്‍ പൊതുവേ ക്ഷീണം അഥവാ തളര്‍ച്ച സാധാരണയായി കാണാം. കൊവിഡിന്റെ കാര്യത്തിലും സ്ഥിതി സമാനം തന്നെ. ഈ തളര്‍ച്ച കൊവിഡിന് ശേഷവും മാസങ്ങളോളം നീണ്ടുനില്‍ക്കാം. ലോംഗ് കൊവിഡില്‍ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന പ്രശ്‌നവും അസഹ്യമായ ക്ഷീണം തന്നെ. ചെറിയ എന്തെങ്കിലും ജോലി ചെയ്തുതീര്‍ക്കുമ്പോഴേക്കും വയ്യാതാകുന്ന അവസ്ഥയാണിതില്‍ ഉണ്ടാകുന്നത്. ഇത് ഒട്ടും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടുക തന്നെ വേണം. 

രണ്ട്...

കൊവിഡ് മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കുമെന്ന് വിവിധ പഠനങ്ങള്‍ നേരത്തെ മുതല്‍ക്ക് തന്നെ സൂചിപ്പിച്ചിരുന്നു. അതെ, കൊവിഡ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഒരു പരിധി വരെ ബാധിക്കാം. അത്തരത്തില്‍ കാര്യങ്ങളില്‍ അവ്യക്തത, ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ന്റെ ഭാഗമായി വരാം. മെഡിക്കലി ഇതിനെ 'ബ്രെയിന്‍ ഫോഗ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ജോലി, പഠനം, നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ എന്നിവയെ എല്ലാം ഈ അവസ്ഥ പ്രതികൂലമായി ബാധിക്കാം. 

മൂന്ന്...

അടിസ്ഥാനപരമായി കൊവിഡ് ശ്വാസകോശ രോഗമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏറ്റവുമധികം ബാധിക്കാനിടയുള്ള അവയവവും ശ്വാസകോശം തന്നെയാണ്. 

know these most common long covid symptoms

കൊവിഡിന് ശേഷവും ശ്വാസകോശം ഇത്തരത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ശ്വാസതടസം, നെഞ്ചില്‍ വേദന, അസ്വസ്ഥത, ശ്വാസമെടുക്കുമ്പോള്‍ അസാധാരണമായി ശബ്ദം പുറത്തുവരിക, ഇക്കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടമാവുക എന്നീ പ്രശ്‌നങ്ങളും 'ലോംഗ് കൊവിഡി'ല്‍ ഉണ്ടാകാം. ഇവയും ഗുരുതരമായ രീതിയില്‍ തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് വേണ്ട പരിഹാരം തേടണം.

നാല്...

കൊവിഡിന്റെ ഭാഗമായി ചിലര്‍ക്ക് ശരീരവേദന ഉണ്ടാകാം. ഇതേ പ്രശ്‌നം കൊവിഡിന് ശേഷവും നീണ്ടുനില്‍ക്കാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വേദനയനുഭവപ്പെടാം. 

ശരീരത്തിന് 'ബാലന്‍സ്' നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം, ഗന്ധം വീണ്ടെടുക്കാനാവാത്ത അവസ്ഥ എന്നിങ്ങനെ പല പ്രശ്‌നങ്ങളും ലോംഗ് കൊവിഡിന്റെ ഭാഗമായി അനുഭവപ്പെടാം. നിത്യജീവിതത്തെ ബാധിക്കുന്നതിന് അനുസരിച്ച് ഇവയ്ക്ക് പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്. അതിന് വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കാവുന്നതാണ്. ആത്മവിശ്വാസവും സന്തോഷവും വീണ്ടെടുക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, ആരോഗ്യകരമായ ഡയറ്റ്, വര്‍ക്കൗട്ട്, ഉറക്കം എന്നിവ ഉറപ്പുവരുത്തുക. ഇക്കാര്യങ്ങളിലൂടെ വലിയൊരു പരിധി വരെ ലോംഗ് കൊവിഡ് വിഷമതകള്‍ മറികടക്കാനാകും.

Also Read:- 'കൊവിഡ് കാലത്ത് വര്‍ധിച്ചുവന്ന മറ്റൊരു ആരോഗ്യപ്രശ്‌നം...'

Latest Videos
Follow Us:
Download App:
  • android
  • ios