കൊവിഡ് 19; വാക്‌സിന്‍ കണ്ടുപിടിത്തത്തിനൊരുങ്ങി ഇസ്രയേലും
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നല്‍കിയ അറിയിപ്പില്‍ വാക്‌സിന്‍ കണ്ടുപിടിത്തം പുരോഗമിക്കുന്നതായി പറയുന്നു.
കൊറോണയെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രായേലും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നല്‍കിയ അറിയിപ്പില്‍ വാക്‌സിന്‍ കണ്ടുപിടിത്തം പുരോഗമിക്കുന്നതായി പറയുന്നു. ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ നടത്തുമെന്നും അറിയിച്ചിരുന്നു.
ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍ പരീക്ഷണം നടത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞാഴ്ച്ച ഐ.ഐ.ബി.ആർ ഡയറക്ടർ ഷ്മുവൽ കൊവിഡ് വാക്‌സിന്‍ കണ്ടുപിടുത്തതിനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചിരുന്നു.
മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തി വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഷ്മുവൽ അടുത്തിടെ പറഞ്ഞിരുന്നു. മൃഗങ്ങളില്‍ കൊറോണ പിടിപെടാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഫെബ്രുവരി ഒന്നിനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊറോണയെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് ഐ.ഐ.ബി.ആറിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ചൈനയും അമേരിക്കയും കൊറോണയ്ക്കെതിരെ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു.
കൊവിഡ് 19-നെ ഫലപ്രദമായി നേരിടുന്നതിനായി പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമിത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർ. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുപയോഗിച്ച് എലികളില്‍ നടത്തിയ പഠനം പ്രത്യാശ നല്‍കുന്നതാണെന്ന് അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പുതിയ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രതികരണം വര്‍ധിപ്പിക്കുന്നതിനായി പുതിയ വാക്‌സിന് കഴിയുമെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.