ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം 'ഓവര്‍' ആക്കല്ലേ; പ്രശ്‌നങ്ങള്‍ പലതാണ്...

കൊവിഡ് കാലത്ത് അമിതമായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതൊരു തരം മാനസിക പ്രശ്‌നമായി മാറുന്നുണ്ടെന്നും ദില്ലിയില്‍ നിന്നുള്ള മനശാസ്ത്ര വിദഗ്ധന്‍ ഡോ.സഞ്ജയ് ഛഗ് പറയുന്നു. രോഗബാധയുണ്ടാകുമെയെന്ന ആശങ്കയിലാണ് ആളുകള്‍ നിരന്തരം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുമൂലം ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ ഒരിക്കലും ബോധ്യത്തിലുമല്ല- ഡോ. സഞ്ജയ് പറയുന്നു

experts instructs to limit the use of hand sanitizer

കൊവിഡ് 19ന്റെ വരവോട് കൂടിയാണ് നമുക്കിടയില്‍ ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും സജീവമായിത്തുടങ്ങിയത്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന് ബാക്ടീരിയകളേയും വൈറസുകളേയുമെല്ലാം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. 

അതിനാല്‍ തന്നെ രോഗബാധ ഭയന്ന് എപ്പോഴും സാനിറ്റൈസര്‍ കയ്യില്‍ കൊണ്ടുനടന്ന് ഇടയ്ക്കിടെ അത് ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം അമിതമായാല്‍ അത് കാര്യമായ മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

'നമ്മുടെ കൈകളില്‍ വന്നടിയുന്ന രോഗാണുക്കളെ കൊല്ലാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ രോഗകാരികളെ തുരത്തുന്നതിനൊപ്പം തന്നെ നമുക്ക് പ്രയോജനമുള്ള ബാക്ടീരിയകളേയും സാനിറ്റൈസര്‍ ഇല്ലാതാക്കും. ഇത് പിന്നീട് അലര്‍ജിക് ഡെര്‍മറ്റൈറ്റിസ്, എക്‌സീമ പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം...'- ഗുരുഗ്രാമില്‍ നിന്നുള്ള ഡോക്ടര്‍ നേഹല്‍ ഷാ വോറ പറയുന്നു. 

കൈകള്‍ അസാധാരണമായ വിധത്തില്‍ വരണ്ടുപോവുക, പൊള്ളല്‍ അനുഭവപ്പെടുക, ചുവന്നുതുടുക്കുക എന്ന് തുടങ്ങി അങ്ങേയറ്റമെത്തിയാല്‍ കയ്യില്‍ നിന്ന് രക്തം പൊടിയുന്ന അവസ്ഥ വരെ സാനിറ്റൈസര്‍ ഉപയോഗം അമിതമായാല്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറയുന്നു. 

 

experts instructs to limit the use of hand sanitizer

 

മാത്രമല്ല നമ്മള്‍ ശ്വസിക്കുമ്പോള്‍ സാനിറ്റൈസറിന്റെ അംശം വായുവിലൂടെ അകത്തേക്ക് കടക്കുന്നത് ശ്വാസതടസമുണ്ടാക്കുകയോ, അലര്‍ജിക് ബ്രോങ്കൈറ്റിസോ ചുമയോ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഗുരുഗ്രാമില്‍ തന്നെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഡോക്ടര്‍ വ്യക്തമാക്കുന്നു. 

'ഒരു കാരണവശാലും സാനിറ്റൈസര്‍ ശരീരത്തിനകത്തേക്ക് എടുക്കരുത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുട്ടികള്‍ ഇതെടുത്ത് ഉപയോഗിക്കാതിരിക്കാനാണ്. അവരില്‍ എളുപ്പത്തില്‍ ഇത് അപകടങ്ങളുണ്ടാക്കും...'- ഡോ. വോറ പറയുന്നു. 

മുതിര്‍ന്നവരിലാണെങ്കില്‍ അമിതമായ സാനിറ്റൈസര്‍ ഉപയോഗം ചിലരില്‍ കണ്ണില്‍ അണുബാധയുണ്ടാകുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നതിനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കുമെല്ലാം ഇടയാക്കുന്നതായും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

സാനിറ്റൈസര്‍ ഉപയോഗം എത്തരത്തില്‍...?

കൊവിഡ് കാലത്ത് അമിതമായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇതൊരു തരം മാനസിക പ്രശ്‌നമായി മാറുന്നുണ്ടെന്നും ദില്ലിയില്‍ നിന്നുള്ള മനശാസ്ത്ര വിദഗ്ധന്‍ ഡോ.സഞ്ജയ് ഛഗ് പറയുന്നു. രോഗബാധയുണ്ടാകുമെയെന്ന ആശങ്കയിലാണ് ആളുകള്‍ നിരന്തരം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുമൂലം ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ ഒരിക്കലും ബോധ്യത്തിലുമല്ല- ഡോ. സഞ്ജയ് പറയുന്നു. 

 

experts instructs to limit the use of hand sanitizer

 

ബോധപൂര്‍വ്വം സാനിറ്റൈസര്‍ ഉപയോഗം പരിമിതപ്പെടുത്തുക എന്നത് മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യാനുള്ളൂവെന്നും ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പെട്രോളിയം ജെല്ലിയോ ഓയിലോ അടങ്ങിയ മോയിസ്ചറൈസര്‍ ക്രീം കയ്യില്‍ പുരട്ടുക. 

പുറത്ത് പോകുമ്പോള്‍ ഈ മോയിസ്ചറൈസര്‍ കയ്യില്‍ കരുതാം. ഓഫീസുകളിലേക്കോ സൂപ്പര്‍ മാര്‍ക്കറ്റിലേക്കോ എല്ലാം പ്രവേശിക്കുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗം ഇപ്പോള്‍ നിര്‍ബന്ധമാണല്ലോ. അതിനാല്‍ അവിടങ്ങളില്‍ വച്ച് സാനിറ്റൈസര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ മോയിസ്ചറൈസറും തേക്കാം. 

കഴിയുന്നതും സാനിറ്റൈസര്‍ മുഖത്തേക്ക് അടുപ്പിക്കരുത്. മൂക്കിലൂടെ ഇത് ശ്വസിക്കുകയും അരുത്. വലിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയതാണെന്ന് ഓര്‍മ്മ വേണം. കഴിയുന്നതും സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകാന്‍ കഴിയുമെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗം അത്രയും കുറയ്ക്കാമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

Also Read:- ശീതളപാനീയത്തിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കിക്കുടിച്ചു; ഒന്‍പത് മരണം...

Latest Videos
Follow Us:
Download App:
  • android
  • ios